കുടുംബശ്രീ റേഡിയോശ്രീ മെഗാ ക്വിസ് മത്സരം: പഞ്ചമി അനുരാജിന് ഒന്നാം സമ്മാനം

Posted on Thursday, February 26, 2026

കുടുംബശ്രീയുടെ ഒാൺലൈൻ റേഡിയോ, റേഡിയോശ്രീയുടെ പ്രചരണാർത്ഥം മലയാളം മിഷൻ റേഡിയോ മലയാളം സംഘടിപ്പിച്ച മലയാളശ്രീ  ക്വിസ് മത്സരത്തിൽ തിരുവനന്തപുരം വെട്ടുകാട് വാത്സല്യം കുടുംബശ്രീ അംഗമായ പഞ്ചമിക്ക് ഒന്നാം സ്ഥാനം. ആലുവ കപ്രശേരിയിലെ മഴവില്ല് കുടുംബശ്രീ അംഗമായ തംബുരു എസിന് രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ ദിശ കുടുംബശ്രീ അംഗമായ അഞ്ജു പിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക്  യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രൈസും ഫലകവും ലഭിച്ചു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ വിജയികൾക്ക് ക്യാഷ് പ്രൈസും ഫലകവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫൈനൽ റൗണ്ടിലെത്തിയ മുപ്പത് പേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, റേഡിയോ മലയാളം പ്രോജക്ട് മേധാവി ജേക്കബ് എബ്രഹാം എന്നിവർ സംസാരിച്ചു.

മലയാളം മിഷന്റെ മലയാൺമ 26 വേദിയിൽ നടന്ന മെഗാ ഫൈനൽ ക്വിസ് ഡോ.എം.എ സിദ്ദിഖ് നയിച്ചു. റേഡിയോശ്രീയിൽ ഒരു മാസം നീണ്ടു നിന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

Content highlight
radioshree quiz