കുടുംബശ്രീ മുഖേന സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന - "ഉയരെ'-നയിചേത്ന 4.0 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്തത് ഒരു കോടിയിലേറെ പേർ. 48 ലക്ഷം അയൽക്കൂട്ട അംഗങ്ങളിലേക്കും ലിംഗസമത്വത്തിന്റെ സന്ദേശമെത്തിക്കുന്നതിനും സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറഞ്ഞത് 50 ശതമാനമാക്കി ഉയർത്തുന്നതും ലക്ഷ്യമിട്ടു സംഘടിപ്പിച്ച ക്യാമ്പയിനിലാണ് ആവേശകരമായ ജനപങ്കാളിത്തം. ലോകത്തു തന്നെ ഒരു കോടിയിലേറെ പേർ പങ്കെടുക്കുന്ന ജെൻഡർ തൊഴിൽ ക്യാമ്പയിൻ ഇതാദ്യമാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ഇതുവരെ 1,06,42,810 പേർ - "ഉയരെ'-നയിചേത്ന 4.0 ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതോടെ കുടുംബശ്രീയുടെ ചരിത്രത്തിൽ ഏറ്റവുമധികം പേരെ പങ്കെടുപ്പിച്ച ക്യാമ്പയിൻ എന്ന നേട്ടവും - "ഉയരെ'യ്ക്ക് സ്വന്തം.
ജനുവരി ഒന്നിന് തുടക്കമിട്ട ദേശീയ ജെൻഡർ ക്യാമ്പയിനായ "നയി ചേത്ന'4.0 യുടെ ഒപ്പമാണ് ഉയരെ ക്യാമ്പയിന്റെയും തുടക്കം. കുടുംബശ്രീ വിഷൻ-2031-ന്റെ ഭാഗമായി സ്ത്രീകൾ തൊഴിലും വരുമാനവും നേടേണ്ടതിന്റെ പ്രാധാന്യം, സ്ത്രീകൾക്ക് സാമ്പത്തിക സുസ്ഥിരത നൽകുന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് അയൽക്കൂട്ട അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ക്യാമ്പയിനിൽ മുൻതൂക്കം നൽകിയത്.
ഇതിനായി ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ നിരവധി പ്രവർത്തനങ്ങൾ അയൽക്കൂട്ട എ.ഡി.എസ്, സി.ഡി.എസ് ജില്ലാ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചു. സോഷ്യൽ മീഡിയാ ക്യാമ്പയിനുകൾ, പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ട് വിവിധ സെമിനാറുകൾ, മാധ്യമശിൽപശാലകൾ, ടോക് ഷോ, കലാജാഥകൾ, തെരുവുനാടകങ്ങൾ, വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ടുളള ബോധവൽക്കരണ പരിപാടികൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഫുട്ബോൾ, പ്രസംഗ മത്സരം തുടങ്ങി വൈവിധ്യപൂർണമായ പരിപാടികൾ സംഘടിപ്പിച്ചതും ക്യാമ്പയിൻ പങ്കാളിത്തം ഒരു കോടി കവിയാൻ സഹായകമായി.
നിലവിൽ "ഉയരെ' ക്യാമ്പയിന്റെ ഭാഗമായി "അറിവിന്റെ അഞ്ച് ആഴ്ചകൾ' എന്ന പേരിൽ അയൽക്കൂട്ടങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. "കുടുംബങ്ങളിലെ സന്തോഷ സൂചിക ഉയർത്തുന്നതിനായുള്ള ഹാപ്പി കേരളം പദ്ധതി'യുമായി ബന്ധപ്പെട്ട സി.ഡി.എസ്തല സംഗമങ്ങളും അയൽക്കൂട്ടതല ചർച്ചകളുമാണ് ഇപ്പോൾ നടന്നു വരുന്നത്.
ക്യാമ്പയിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാതലത്തിലും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടതലങ്ങളിലായി 8806 റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകിയിരുന്നു. അയൽക്കൂട്ടതലത്തിൽ പ്രതേ്യക പരിശീലനം നേടിയ ജെൻഡർ പോയിന്റ് പേഴ്സൺമാരുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ. നയിചേത്ന ക്യാമ്പയിൻ ജനുവരിയിൽ സമാപിച്ചിരുന്നു. കുടുംബശ്രീ ജെൻഡർ ഡെവലപ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ ഉയരെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.
- 24 views



