സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന കുടുംബശ്രീയുടെ "മീറ്റ് പോയിന്റ്'ടേക്ക് എവേ കൗണ്ടറുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കുന്നുകുഴി മുളവന ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീയുടെ 24 മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ആകെ 50 ടേക്ക് എവേ കൗണ്ടറുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾ സഹായകമാകുമെന്ന് വി.പ്രിയദർശിനി പറഞ്ഞു.
പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ടേക്ക് എവേ കൗണ്ടറുകളിൽ ലഭ്യമാവുക. കൂടാതെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും. ധനശ്രീ അയൽക്കൂട്ട അംഗവും സംരംഭകയുമായ ആരോഗ്യ മേരിയാണ് മുളവന ജംഗ്ഷനിൽ ആരംഭിച്ച ടേക്ക് എവേ കൗണ്ടർ നടത്തുന്നത്.
ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃകത മാതൃകയിലാണ് സംരംഭം തുടങ്ങുന്നത്. കുടുംബശ്രീ കഫേ/ കാന്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇൻഡ്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, റെസിപ്പി എന്നിവ തയ്യാറാക്കൽ, ഫുഡ് പായ്ക്കിങ്ങ്, പർച്ചേസിങ്ങ്, മാർക്കറ്റിങ്ങ് എന്നിവയിലടക്കം മികച്ച പരിശീലനവും ലഭ്യമാക്കിയിരുന്നു. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.
ടേക്ക് എവേ കൗണ്ടറുകൾ തുടങ്ങാൻ താൽപര്യമുളള അയൽക്കൂട്ട / ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അതത് കുടുംബശ്രീ ജില്ലാ മിഷൻ ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.
വാർഡ് കൗൺസിലർ മേരി പുഷ്പം, സി.ഡി.എസ് അധ്യക്ഷ വിനീത, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഷൈജു ആർ.എസ്, അഞ്ജിമ സുരേന്ദ്രൻ സി, അഖിലേഷ് എ, ജില്ലാ പ്രോഗ്രാം മാനേജർ നവജിത്ത് എന്നിവർ പങ്കെടുത്തു.
- 73 views



