ഉയർന്ന ചിന്തയും വൈവിധ്യവും ഭാവനാപൂർണവുമായ സംരംഭക ആശയങ്ങളും ഉയർന്ന "ലിയോറ' ബാലസഭ ഇന്നൊവേഷൻ കോൺക്ളേവിന് അഭിമാനകരമായ പരിസമാപ്തി. കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ 17,18 തീയതികളിലായി സംഘടിപ്പിച്ച കോൺക്ളേവിൽ സുരക്ഷിതവും വിശ്വസനീയവുമായ സ്മാർട്ട് വോട്ടിങ്ങ് മെഷീൻ രൂപകൽപന ചെയ്ത് അവതരിപ്പിച്ച കണ്ണൂർ ജില്ലയിൽ നിന്നുളള ബാലസഭാംഗം ശിവനന്ദ് ഒന്നാം സ്ഥാനം നേടി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് വൈദ്യുതി ഇല്ലാതെ വരുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ "ഹാൻഡ് ക്രാങ്ക് പവർ ബാങ്ക്' രൂപകൽപന ചെയ്ത തിരുവനന്തപുരം ജില്ലയിലെ വിഷ്ണു വി.എസ് രണ്ടാം സ്ഥാനവും ഡയപ്പറിൽ നിന്നും ആക്ടിവേറ്റഡ് ചാർക്കോൾ നിമിക്കുന്ന സംരംഭ ആശയം അവതരിപ്പിച്ച എറണാകുളം ജില്ലയിലെ അനാമിക മൂന്നാം സ്ഥാനവും നേടി.
വെള്ളപ്പൊക്ക ഭീഷണിയുളള പ്രദേശങ്ങളിൽ സുരക്ഷിതവും അനുയോജ്യവുമായ ദീർഘകാല സാമസസൗകര്യങ്ങൾ നവീന ഫ്ളോട്ടിങ്ങ് ഹൗസ് ആശയം അവതരിപ്പിച്ച കോട്ടയം ജില്ലയിൽ നിന്നുള്ള സൂസൻ വിനോദ് നാലാം സ്ഥാനവും കൊല്ലം ജില്ലയിൽ നിന്നുളള നവമി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
ഇന്നവേഷൻ കോൺക്ളേവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിച്ചവർക്കുളള കാഷ് അവാർഡുകൾ, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗ്രീൻ ഫെല്ലോഷിപ്പ് ലഭിച്ച ബാലസഭാംഗങ്ങൾക്കുള്ള പുരസ്കാരം, കോൺക്ളേവിൽ പങ്കെടുത്ത കുട്ടികൾ, ഇന്നവേഷൻ കോൺക്ളേവിനു വേണ്ടി കുട്ടികളെ പരിശീലിപ്പിച്ച മെന്റർമാർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
ലിയോറ ഇന്നവേഷൻ കോൺക്ളേവിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച "ഐഡിയ പിച്ചിങ്ങ് മത്സരത്തിൽ വിജയികളായ കരുനാഗപ്പള്ളിയിലെ മോഡൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ സാമുവൽ രാജൻ, രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ ജാൽവിൻ ജോമി, മൂന്നാം സ്ഥാനം നേടിയ മലപ്പുറം അൽഷിഫ കോളേജ് ഒാഫ് ഫാർമസിയിലെ വിദ്യാർത്ഥികളായ അസിം അബ്ദുളള, ഹിബ അഷ്റഫ് എന്നിവർക്ക് യഥാക്രമം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടുന്ന പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം കുമാരി ദേവനന്ദ മുഖ്യാതിഥിയായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.രതീഷ് കാളിയാടൻ, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷൻ സീനിയർ മാനേജർ, സേവ് ദി ചിൽഡ്രൻ അസിസ്റ്റന്റ് മാനേജർ ദിനകരൻ, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഒാഫീസർ മനോജ് ബി.എസ് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി. ശ്രീജിത്ത് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ടി.എം. റെജീന നന്ദി പറഞ്ഞു.
- 14 views



