പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പാര്ശ്വവല്കൃത സമൂഹത്തില്‍ പെട്ടവര്‍ക്കായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രത്യാശ പദ്ധതി തുണയായത് 2167 പേര്‍ക്ക്. ഇതില്‍ 56 പേര് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ വയോജനങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് സ്വയംപര്യാപ്തത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി തയ്യല്‍, ഫുഡ് പ്രോസസിങ്ങ്, തുണി സഞ്ചി, പേപ്പര്‍ പേന നിര്‍മാണം, കാറ്ററിങ്ങ് എന്നീ വിഭാഗങ്ങളില്‍ ആകെ 2037 സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ പിന്തുണ നല്കി. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ മുഖേന 19 സംരംഭങ്ങളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി കുടുംബശ്രീ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രത്യാശ. ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി വ്യക്തിഗത സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 50,000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് പരമാവധി 2,50,000/- രൂപ വരെയും സ്റ്റാര്‍ട്ടപ് ഫണ്ട് ഇനത്തില്‍ സാമ്പത്തിക സഹായമായി നല്‍കുന്നുണ്ട്.
സംരംഭങ്ങള്‍ ആരംഭിച്ച് മികവിലേക്കുയരാന്‍ തൊഴില്‍ വൈദഗ്ധ്യ പരിശീലനവും സബ്സിഡി ഉള്‍പ്പെടെയുള്ള ധനസഹായവും നിരന്തരമായ പിന്തുണയും കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്.
- 103 views
Content highlight
2167 people found their livelihood through Kudumbashree 'Prathyasha' Project for the marginalized



