പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്ക് സംരംഭകത്വ വികസനം - കുടുംബശ്രീ 'കെ-ടിക്' പദ്ധതിയില്‍ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Wednesday, February 12, 2025
പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ട്രൈബല്‍ എന്‍റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷന്‍ സെന്‍റര്‍-കെടിക് പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 14 ജില്ലകള്‍ കൂടാതെ പാലക്കാട് അട്ടപ്പാടി, വയനാട് ജില്ലയിലെ തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്നായി ആകെ എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതിനായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍കുബേറ്റര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കുള്ള പരിശീലനം ഈ മാസം 14ന് ആരംഭിക്കും.

ഇതിന് മുന്നോടിയായി ഇന്‍കുബേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍,  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്കായി സംസ്ഥാനതല ശില്‍പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.  

പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ മേഖലയില്‍ പ്രഫഷണലിസം കൈവരിക്കുന്നതിനും സഹായകമായ രീതിയിലാണ് പരിശീലന പരിപാടിയുടെ ആസൂത്രണം. വിവിധ ഘട്ടങ്ങളിലായി ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യത്തേതാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും 50 പേര്‍ വീതമുള്ള ബാച്ചുകളായിരിക്കും ഉണ്ടാവുക.  

പരിശീലന കാലയളവില്‍ സൂക്ഷ്മസംരംഭങ്ങളുടെ പ്രവര്‍ത്തനരീതിയും ഉല്‍പന്ന വിപണനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് ഫീല്‍ഡ്സന്ദര്‍ശനവും ഉണ്ടാകും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്‍ഷിക മൃഗസംരക്ഷണം, എസ്.വി.ഇ.പി, സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ജില്ലാപ്രോഗ്രാം മാനേജര്‍മാര്‍, സാമൂഹ്യ വികസന  പദ്ധതികളുടെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുടെ പിന്തുണയും ലഭിക്കും.

സംസ്ഥാനതല ശില്‍പശാലയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാര്‍, കെ-ടിക് റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Content highlight
k tic