സംസ്ഥാന ബജറ്റ് 2025 -2026 : കുടുംബശ്രീക്ക് 270 കോടി മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു കോടി രൂപ അധികം

Posted on Saturday, February 8, 2025
 സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2025-2026 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 270 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 265 കോടി രൂപയായിരുന്നു.  മുന്‍വര്‍ഷത്തെക്കാള്‍ ഇക്കുറി അഞ്ചു കോടി രൂപ അധികം അനുവദിച്ചു. ഇതിനു പുറമേ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്തു നടപ്പാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പി.എം.എ.വൈ നഗരം, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികള്‍ക്കായി ആകെ 119.36 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
 
സംസ്ഥാന ബജറ്റ് വിഹിതമായി ലഭിക്കുന്ന 270 കോടി രൂപ സൂക്ഷ്മസംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്, കാര്‍ഷിക മൃഗസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിക്കും അതിന്‍റെ ഉപപദ്ധതികള്‍ക്കുമുള്ള സംസ്ഥാന വിഹിതമായി 56 കോടി രൂപയാണ് ബജറ്റിലുള്ളത്. പി.എം.എ.വൈ നഗരം പദ്ധതിയുടെ സംസ്ഥാന വിഹിതമായി  30 കോടിയും പി.എം.എ.വൈ നഗരം 2.0 പദ്ധതിയ്ക്ക് 10.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 23 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

കേരളത്തിലെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കുടുംബശ്രീയുമായി സംയോജിച്ച് പ്രാദേശിക കളിപ്പാട്ട നിര്‍മാണ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Content highlight
kerala budget 270 crores alloted for kudumbashree