കുടുംബശ്രീ ദേശീയ സരസ്‌മേള ചെങ്ങന്നൂരില്‍ ; ‘ചീരു’ ഭാഗ്യചിഹ്നം

Posted on Monday, January 6, 2025

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ ജനുവരി 20 മതല്‍ 31 വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗ്യചിഹ്നം, പോസ്റ്റര്‍, തീം സോങ് മത്സര വിജയികളെ തെരഞ്ഞെടുത്തു. ഭാഗ്യചിഹ്നം, പോസ്റ്റര്‍ മത്സരങ്ങളില്‍ പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിന്‍. എസ് വിജയിയായി. ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് പഞ്ചായത്തിലെ കൈരളി അയല്‍ക്കൂട്ട അംഗമായ പി. ജയലക്ഷ്മിയാണ് തീം സോങ് മത്സരത്തിലെ വിജയി. ഇരുവര്‍ക്കും സരസ് മേളയുടെ സമാപന ചടങ്ങില്‍ ക്യാഷ് പ്രൈസ് സമ്മാനിക്കും.

ആലപ്പുഴയുടെ പരമ്പരാഗത പ്രത്യേകതകള്‍ വിളിച്ചോതുന്ന രീതിയില്‍ ഒരു കൈയില്‍ കരിമീനുമായി കുഞ്ഞുവള്ളം തുഴയുന്ന താറാവിന്‍ കുഞ്ഞ് ‘ചീരു’വിനെയാണ് ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത്.

ദേശീയ സരസ് മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30ന്‌ ഇ.എം.എസ് ഹാളില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക, യുവജനകാര്യ, ഫിഷറീസ് വകുപ്പ് മന്ത്രിയും സരസ് മേള സംഘാടക സമിതി അധ്യക്ഷനുമായ ശ്രീ. സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിച്ചു. ഭാഗ്യചിഹ്നവും പോസ്റ്ററും കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഐ.എ.എസിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത്. എസ്, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലയിലെ ബ്‌ളോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറി, സി.ഡി.എസ് അധ്യക്ഷമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ‍അവലോകന യോഗത്തില്‍ പങ്കെടുത്തു.

Content highlight
national saras mela at alappuzha cheeru is the mascot