കേരളത്തെ സമ്പൂര്‍ണ ദാരിദ്ര്യ മുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി 'ഉജ്ജീവനം' എന്ന പേരില്‍ പ്രത്യേക ഉപജീവന ക്യാമ്പെയ്ന് തുടക്കമിടുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 25 മുതല്‍ 2024 ഫെബ്രുവരി ഒന്നു വരെ നൂറു ദിവസങ്ങളിലയാണ് ക്യാമ്പെയ്ന്. കുടുംബശ്രീ മുഖേന സംഘടിപ്പിച്ച സര്‍വേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്ര കുടുംബങ്ങളില്‍ ഉപജീവനം ആവശ്യമായ 6429 കുടുംബങ്ങള്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ക്യാമ്പെയ്ന്റെ ലക്ഷ്യം. ഇതിനായി ദരിദ്ര കുടുംബങ്ങളില്‍ തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിവിധ പിന്തുണകളും ലഭ്യമാക്കും.
അതിദരിദ്ര കുടുംബങ്ങള്‍ക്ക് സുസ്ഥിര ഉപജീവന മാര്‍ഗം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പെയ്ന് മുഖേന നടപ്പാക്കുക. ഇതിനായി ഓരോ ഓരോ കുടുംബങ്ങളുടെയും അതിജീവന ഉപജീവന ആവശ്യങ്ങള്‍ മനസിലാക്കുന്നതിനായി നവംബര്‍ 15വരെ ഭവന സന്ദര്‍ശനം നടത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും രൂപീകരിച്ച പ്രത്യേക ടീമിന്റെ നേതൃത്വത്തിലായിരിക്കും ഇത്. ഗുണഭോക്താവിന്റെ ഉപജീവന ആവശ്യകത, തൊഴില്‍ ലഭ്യതയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ പദ്ധതികള്‍, ആവശ്യമായ സാമ്പത്തിക പിന്തുണകള്‍ എന്നിവ വിവരണശേഖരണത്തിനായി തയ്യാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇപ്രകാരം ഭവന സന്ദര്‍ശനം വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിനും ആവശ്യമായ ഉപജീവന പ്രവര്‍ത്തനങ്ങളുടെ പട്ടിക അതത് തദ്ദേശ സ്ഥാപനതല ടീമുകളുടെ നേതൃത്വത്തില്‍ നവംബര്‍ 25നു മുമ്പായി പൂര്‍ത്തീകരിക്കും.
ഗുണഭോക്താക്കളുടെ വ്യക്തിഗത ഉപജീവന പദ്ധതി തയ്യാറാക്കുന്ന ചുമതല ഓരോ സി.ഡി.എസിലുമുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റിനാണ്. അവശ്യപിന്തുണ ആവശ്യമുളളവര്‍, കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് നല്കുന്നതു വഴി പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ഉളളവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പട്ടിക തയ്യാറാക്കുക. ഇപ്രകാരം തയ്യാറാക്കിയ ഉപജീവന പദ്ധതികളുടെ സാധ്യതകള്‍ പരിശോധിച്ച ശേഷം തൊഴില്‍ പരിശീലനം ആവശ്യമായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇത് ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അതും കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ വഴി 2024 ഫെബ്രുവരി എട്ടിനകം ലഭ്യമാക്കും. കൂടാതെ തദ്ദേശ സ്ഥാപനതല പദ്ധതികള്‍, സ്പോണ്‍സര്‍ഷിപ് എന്നിവ മുഖേനയും സാമ്പത്തിക പിന്തുണ ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനായി സംസ്ഥാന ജില്ലാ തദ്ദേശതലത്തില്‍ പ്രത്യേക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
- 1256 views