ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ഹൈദി, വില്ലേജ് റോക്ക്സ്റ്റാര്‍ എന്നിങ്ങനെ അഭ്രപാളികളില്‍ വിസ്മയം സൃഷ്ടിച്ച സിനിമകളുടെ മായാലോകത്ത് മുഴുകാനും ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്താനും പതിനായിരക്കണക്കിന് അയല്ക്കൂട്ടാംഗങ്ങള്ക്ക് അവസരം തുറന്നേകുകയാണ് കണ്ണൂര്‍ കുടുംബശ്രീ ജില്ലാ ടീമിന്റെ ‘വുമണ്‍’ഫിലിം ഫെസ്റ്റ്.
സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകളില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലമാണ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്‍ഗ്രാമങ്ങളില്‍ പരിചയപ്പെടുത്തുകയെന്ന ദൗത്യവും മേളയ്ക്കുണ്ട്.
ഒരു സി.ഡി.എസില്‍ നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സിനിമാ പ്രദര്‍ശനം. സ്കൂള്‍, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്‍ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്‍ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം. ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാന്‍ഹോള്‍, ഒറ്റമുറി വെളിച്ചം, ഒഴിമുറി തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയുടെ ഭാഗമാകാനാകും.
ഫിലിം ഫെസ്റ്റിവലിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 29ന് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണി ടീച്ചര്‍ നിര്‍വഹിച്ചു. ചലച്ചിത അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷനായിരുന്നു.
- 29 views