സ്ത്രീ അബലയല്ല എന്നു ബോധ്യപ്പെടുന്നിടത്തുനിന്നുമാണ് സ്ത്രീശാക്തീകരണം തുടങ്ങുന്നതെന്നും സർഗവാസനനകളെ നില നിർത്താനുള്ള ശ്രമങ്ങൾ അതിന്റെ ഭാഗമാണെന്നും പ്രൊഫ. കെ. സച്ചിദാ നന്ദൻ പറഞ്ഞു. കുടുംബശ്രീയും കേരള സാഹിത്യ അക്കാദമിയും കിലയും സംയുക്തമായി കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗം-2022 ത്രിദിന സാഹിത്യ ശിൽപ്പശാല വ്യാഴാഴ്ച്ച (23/02/2022) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്ക് വിവാഹശേഷം കലാഭിരു ചികൾ ഇല്ലാതെയാകുന്നതിന്റെ കാരണം കുടുംബവും, സ്ത്രീകൾ നിർവഹിക്കണം എന്ന് സമൂഹവും പറയുന്ന ചുമതലകളുമാണ്. കുടുംബത്തിൽ ഒട്ടേറെ ചുമതലകൾ നിർവഹിക്കാൻ മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ഓരോ പെണ്കുട്ടിയും ചെറുപ്പം മുതൽ പരി ശീലിപ്പിക്കപ്പെടുന്നു. സാഹിത്യമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നിരീക്ഷണം, വാസന, പ്രചോദനം, പ്രയത്നം എന്നിവ ഉണ്ടാകണം. ഇതെല്ലാം ചേരുമ്പോഴാണ് ഉത്തമ സാഹിത്യം ഉണ്ടാവുന്നത്. സർഗ്ഗശേഷി കണ്ടെത്താനും അത് നിലനിർത്തിക്കൊണ്ടു പോകാനുമുള്ള ബോധപൂർവമായ പരിശ്രമങ്ങൾ ശാക്തീകരണതിലേക്കുള്ള വഴിയാണ്. അതുകൊണ്ടാണ് സർഗ്ഗം പോലുള്ള ശില്പശാലകൾ സ്ത്രീശാക്തീകരണത്തിന്റെ പുതിയ മാനങ്ങൾ തുറക്കുന്നത്. കുടുംബശ്രീ വനിതകൾക്കായി ഇത്തരമൊരു ഉദ്യമത്തിനു തുടക്കമിട്ട കുടുംബശ്രീ യെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ ഡയറക്ടർ ആശാ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. കില അർബൻ സീനിയർ ഫാക്കൽറ്റി ഡോ.രാജേഷ്. കെ, ജില്ലാ അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസർ ശ്രുതി.എ എസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ്. മനോജ് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ. കെ നന്ദിയും പറഞ്ഞു.
ശിൽപ്പശാലയുടെ ഭാഗമായി എഴുത്തുകരായ ശിഹാബുദ്ദീൻ പൊയ്ത്തുകടവ്, ദീപാ നിശാന്ത്, മജീദ് സെയ്ദ്, അശ്വിനി ആർ.ജീവൻ, ലിസ്സി, അബിൻ ജോസഫ്, ഇ.സന്ധ്യ , എൻ.ജി. നയനതാര എന്നിവർ വിവിധ വിഷയങ്ങൾ ആസ്പദമാക്കി സംവദിച്ചു. ശിൽപ്പശാല 25 ന് സമാപിക്കും.
- 114 views