റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളോ സബ് റീജ്യണല്‍ ആര്‍.ടി ഓഫീസുകളോ ഇല്ലാത്ത, പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന ഇടങ്ങളില്‍ (ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഓഫീസുകള്‍....തുടങ്ങിയ) ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റേതുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ 100 ഇ- സേവാ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള ഇടങ്ങളും സംരംഭങ്ങള്‍ നടത്താന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങളെയും ജില്ലാ മിഷന്‍ കണ്ടെത്തി, മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കാനാണ് ജനുവരിയില്‍ നടത്തിയ സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റേത് കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കിയോസ്‌കുകള്‍ വഴി നല്‍കാനും അനുമതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്- ഇ സേവാ കിയോസ്‌ക് എന്നാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. ഇപ്രകാരം ലാഭകരമായി സേവന കിയോസ്‌കുകള്‍ ആരംഭിക്കാനുള്ള ഇടവും അതിന് താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി ജില്ലാ ടീമുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രൊപ്പോസല്‍ ലഭിച്ച ശേഷം ഇത് ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കി, ഉത്തരവ് ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
കുടുംബശ്രീയും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ- സേവാ കേന്ദ്രങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഓരോ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും ഇ- സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ അതുവഴി നല്‍കുന്ന പദ്ധതിയാണിത്. കേരളത്തിലെ വിവിധ റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് അനുബന്ധിച്ച് 53 ഇ-സേവാ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി 2016ലാണ് ലഭിച്ചത്. ശേഷിക്കുന്ന റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് ചേര്‍ന്ന് ഇത്തരത്തില്‍ ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും അതാത് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.
- 192 views