കോവിഡ്-19 പ്രതിസന്ധി കാലയളവില്‍ വരുമാന നഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസമേകുന്നതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പലിശരഹിത വായ്പാ പദ്ധതിയായ മുഖ്യമന്ത്രിയുടെ സഹായഹസ്തം വഴി 1785.19 കോടി രൂപ അയല്ക്കൂട്ടാംഗങ്ങള്ക്ക് നല്കി. ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം 1958 കോടി രൂപയുടെ വായ്പാ അപേക്ഷ ബാങ്കുകളില്‍ എത്തിച്ചു. ഓഗസ്റ്റ് 19 വരെ 1,92,522 അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭിച്ചു കഴിഞ്ഞു. ആകെ 22,41,316 അയല്‍ക്കൂട്ടാംഗങ്ങള്‍ക്കാണ് വായ്പാത്തുക ലഭിച്ചത്.
2018ലെ പ്രളയത്തിന് ശേഷം റീസര്‍ജന്റ് കേരള ലോണ്‍ സ്കീം (ആര്‍കെഎല്‍എസ്) എന്ന വായ്പാ പദ്ധതി കുടുംബശ്രീയിലൂടെ വിജയകരമായി നടപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന വായ്പാ പദ്ധതിയും കുടുംബശ്രീ മുഖേന നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും 2000 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്യാന്‍ ആരംഭിച്ചതും.
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുകയും 9 ശതമാനം പലിശയ്ക്ക് തുക നല്കാന് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) തയാറാകുകയുമായിരുന്നു. അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശസബ്സിഡി സര്‍ക്കാര്‍ നല്കുന്നു. പലിശരഹിത വായ്പയായതിനാല്‍ തന്നെ 2000 കോടി രൂപയില്‍ പരിമിതപ്പെടുത്തി സിഡിഎസിനും അയല്‍ക്കൂട്ടങ്ങള്‍ക്കും ലഭിക്കുന്ന വായ്പാ പരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു.
- 158 views