തൊഴിലുറപ്പ് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കായി 'ഉന്നതി'

Posted on Thursday, August 13, 2020

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്ന ഉന്നതി പദ്ധതി വരുന്നു. കേരളത്തില്‍ കുടുംബശ്രീയും സംസ്ഥാന തൊഴിലുറപ്പ് മിഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് തൊഴില്‍ നേടാനുള്ള കഴിവ് (സ്‌കില്‍) ലഭ്യമാക്കി സ്‌കില്‍ഡ് ലേബര്‍ എന്ന വിഭാഗത്തിലേക്ക് ഈ പദ്ധതി മുഖേന എത്തിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കുമാണ് ഉന്നതി പ്രകാരം നൈപുണ്യ പരിശീലനം നല്‍കുന്നത്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ പരിശീലനം നല്‍കുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നൈപുണ്യ പരിശീലന പദ്ധതിയില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ക്ക് മാത്രമേ ഉന്നതി പദ്ധതിയുടെ ഭാഗമാകാനാകൂ.
  തൊഴിലുറപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ പദ്ധതി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നു. ഇവര്‍ക്ക് കുടുംബശ്രീ- ഡിഡിയുജികെവൈ പരിശീലന ഏജന്‍സികളിലൂടെ നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യുന്നു. പരിശീലനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും അനുസരിച്ച് നിലവിലുള്ള കോഴ്സുകളില്‍ നിന്ന് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. ഡിഡിയുജികെവൈ പദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാകും പരിശീലനം. പരിശീലനത്തിന് അവസരം ലഭിക്കുന്ന ഓരോ പരിശീലനാര്‍ത്ഥിക്കും കോഴ്സ് കാലാവധിക്ക് അനുസരിച്ച് ഓരോ ദിവസവും തൊഴിലുറപ്പ് പദ്ധതിയിലെ നിലവിലെ വേതന പ്രകാരമുള്ള തുകയും ലഭ്യമാക്കുന്നു (പരമാവധി 100 ദിവസം). തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കുടുംബത്തിന് തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യാം.
  തൊഴിലുറപ്പ് മിഷനുമായി പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് അന്തിമഘട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഗുണഭോക്തൃ പട്ടിക ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കോവിഡ്-19 പ്രതിസന്ധി കഴിഞ്ഞശേഷം പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനാകുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും. ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഡിഡുയിജികെവൈ പദ്ധതിപ്രകാരം ഇതുവരെ 52,989 കുട്ടികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 64,258 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കി ആകെ 1,17,247 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.