എന്‍ഐഎഫ്ടിയില്‍ പരിശീലനം നേടി, ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌ക് തയാറാക്കി കണ്ണൂരിലെ സംരംഭകര്‍

Posted on Thursday, August 13, 2020

കോവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുകയെന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടാതെ ആയുര്‍ മാസ്‌കുകളും, ഡിസൈനര്‍ മാസ്‌കുകളുമെല്ലാം നിര്‍മ്മിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (എന്‍ഐഎഫ്ടി) നിന്ന് പ്രത്യേക പരിശീലനം നേടി ഏറെ വ്യത്യസ്തമായ ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് കണ്ണൂരിലെ കുടുംബശ്രീ സംരംഭകര്‍.  
  ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ സമീപിച്ചു. ജൂണ്‍ മൂന്നാം തിയതി 30 സംരംഭകര്‍ക്ക് ഇത്തരത്തില്‍ എന്‍ഐഎഫ്ടിയുടെ ആദ്യഘട്ട പരിശീലനം ലഭിച്ചു. ഡിസൈനിങ്, നിര്‍മ്മാണം എന്നിവയിലായിരുന്നു ഈ പരിശീലനം. പിന്നീട് ജൂണ്‍ 19ന് പാക്കിങ്, ബ്രാന്‍ഡിങ്, വിലനിര്‍ണ്ണയം എന്നീ മേഖലകളിലും പ്രത്യേക പരിശീലനം നല്‍കി. നിഫ്ടിലെ അധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശീലനം നല്‍കിയത്. മുക്തി സുമംഗല, ഷാന്‍ഗ്രെല്ല രാജേഷ്, മനുപ്രസാദ് മാത്യു, നിഥിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
  നിലവില്‍ 30 യൂണിറ്റുകള്‍, കോട്ടണ്‍, ഷീഫോണ്‍ എന്നീ തുണിത്തരങ്ങള്‍ ചേര്‍ത്ത് രണ്ട്, മൂന്ന് പാളികളുടെ മാസ്‌കുകള്‍ തയാറാക്കി വരുന്നു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആവശ്യങ്ങളും അഭിരുചിയും തിരിച്ചറിഞ്ഞു കൊണ്ടുള്ള നിര്‍മ്മാണ തന്ത്രം അവലംബിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മാസ്‌കുകളുണ്ട്. 2 വയസ്സ് മുതല്‍ 7 വയസ്സുവരെയും 8  മുതല്‍  14 വരെയും പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയും വ്യത്യസ്തമായ മാസ്‌കുകള്‍ തയാറാക്കുന്നു.
 പാക്കറ്റ് ഡിസൈനിങ് പൂര്‍ത്തീകരിച്ച്  ജൂലൈ 15 ആവുമ്പോഴേക്കും ഈ മാസ്‌കുകള്‍ പൊതുവിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീ സംഘടനാ സംവിധാനം, കടകള്‍, ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയിലൂടെയാകും വിപണനം.

 

 

Content highlight
ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ