കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് ഏവരേയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് മുന്നേറുകയാണ് കുടുംബശ്രീയും. കുടുംബശ്രീ സംഘടനാ സംവിധാനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ഈ ഒരു പ്രവര്‍ത്തനത്തിന് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാര്‍ച്ച് മാസം പകുതിയോടെ തന്നെ ആരംഭിച്ചിരുന്നു. ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരെ ഭാഗമായി കേരള സമൂഹത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന തലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അനുസരിച്ച് നടപ്പാക്കി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
1. ബ്രേക്ക് ദ ചെയിന്‍ സന്ദേശം 43 ലക്ഷം കുടുംബങ്ങളിലേക്ക്
കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വൈറസ് വ്യാപനം തടയുക എന്ന സന്ദേശം ഏവരിലേക്കും എത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ തുടക്കമിട്ട ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്റെ സന്ദേശം താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ആദ്യം ചെയ്തത്. 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയിലുള്ളത്. ഇതില്‍ 43 ലക്ഷത്തോളം സ്ത്രീകള്‍ അംഗങ്ങളാണ്. ഇവരിലൂടെ കേരളത്തിലെ 43 ലക്ഷം കുടുംബങ്ങളിലേക്ക് ബ്രേക്ക് ദ ചെയിന്‍ സന്ദേശവും കൈക്കൊള്ളേണ്ട കരുതല്‍ നടപടികളും ഉള്‍ക്കൊള്ളുന്ന കുറിപ്പ് തയാറാക്കി, അയല്‍ക്കൂട്ട യോഗങ്ങളിലൂടെ അംഗങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്ന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഹാന്‍ഡ് വാഷ് കോര്‍ണറുകളില്‍ പരമാവധി കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞു.
2. വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ആശയവിനിമയ ക്യാമ്പെയ്ന്
ഈ മഹമാറിയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ എല്ലാ തലങ്ങളിലുമായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി. അതുവഴി കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങളെയും ലോക്ഡൗണ്‍ കാലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായുള്ള നിരവധി ആശയങ്ങള്‍ പങ്കുവച്ചു വരുന്നു. ഇത്തരത്തിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലായി 28 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. അതായത് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ചുരുങ്ങിയത് കേരളത്തിലെ 28 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. വിവിധ സന്ദേശങ്ങളും പോസ്റ്ററുകളും തയാറാക്കി സംസ്ഥാനതലത്തില്‍ നിന്ന് ഗ്രൂപ്പുകള്‍ വഴി എത്തിക്കുന്നു. ഇത് കൂടാതെ ജില്ലാ കേന്ദ്രീകൃത സന്ദേശങ്ങള്‍ അതാത് ജില്ലകളിലെ ഗ്രൂപ്പുകള്‍ വഴിയും കൈമാറ്റം ചെയ്യുന്നു.
3. മാസ്ക്- സാനിറ്റൈസര്‍ നിര്‍മ്മാണം
പ്രതിവിധികളൊന്നും കണ്ടെത്താത്ത പകര്‍ച്ചവ്യാധിയെന്ന നിലയില്‍ കൊറോണ വൈറസ് ഒരു പേടി സ്വപ്നം പോലെ വ്യാപകമായപ്പോള്‍ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവച്ചിരുന്നു. ശുചിത്വം പാലിക്കുന്നതിനൊപ്പം വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന് ഏവരേയും തുണയ്ക്കുന്ന ഒന്നാണ് മുഖാവരണം (ഫേസ് മാസ്ക), സാനിറ്റൈസര്‍ എന്നിവ. കൊറോണ വൈറസ് ബാധയുണ്ടാകുന്നുവെന്ന സൂചന ലഭിച്ചത് മുതല്‍ പൊതുവിപണിയില്‍ മാസ്ക്കിനും സാനിറ്റൈസറിനും വന്‍തോതില്‍ ക്ഷാമം നേരിട്ടിരുന്നു. ഈ ഒരു ഘട്ടത്തിലാണ് മാസ്കിന്റെയും സാനിറ്റൈസറിന്റെയും ഉത്പാദനം കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ വഴി ആരംഭിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്തത്. 306 തയ്യല്‍ യൂണിറ്റുകള്‍ വഴി 14.58 ലക്ഷം കോട്ടണ്‍ മാസ്കുകളാണ് നിര്‍മ്മിച്ചത്. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് വന്ന ഓര്‍ഡറുകള്‍ അനുസരിച്ചാണ് മാസ്കുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും. കൂടാതെ 21 സോപ്പ്/ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വഴി 2170 ലിറ്റര്‍ സാനിറ്റൈസറും കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച് ലഭ്യമാക്കി കഴിഞ്ഞു.
4. സാമൂഹ്യ അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)
വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമായിതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ മാര്‍ച്ച് 24 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ മാര്‍ച്ച് 23ന് കേരളം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ഒരു പ്രത്യേക കാലത്ത് ആരും വിശന്നിരിക്കില്ലെന്ന് ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സാമൂഹ്യ അടുക്കളകള്‍ക്ക് തുടക്കമിടുന്നത്. ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപനം, സിവില്‍ സപ്ലൈസ് തുടങ്ങിയ ഏവരും ചേര്‍ന്നുള്ള സംഘമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സമൂഹ അടുക്കളകള്‍ നിലവില്‍ വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടെ അവരുടെ നേതൃത്വത്തിലും പൂര്‍ണ്ണ സഹകരണത്തിലുമാണ് കുടുംബശ്രീ അംഗങ്ങള്‍ വഴി സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി കണ്ടെത്തിയ സംരംഭകരെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. കേരളത്തില്‍ 1325 സാമൂഹ്യ അടുക്കളകളാണ് ഇപ്പോഴുള്ളത്. അതില്‍ 1096 അടുക്കളകളും കുടുംബശ്രീ സംരംഭകരാണ് നടത്തുന്നത്. ശേഷിക്കുന്നവ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ടോ സന്നദ്ധ സംഘടനകളോ പൊതുമേഖലാ സ്ഥാപനങ്ങളോ സഹകരണ സ്ഥാപനങ്ങളോ ആണ് നടത്തുന്നത്. ഏപ്രില്‍ 2 വരെയുള്ള കണക്ക് അനുസരിച്ച് പഞ്ചായത്ത് തലത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1.89 ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം വിതരണം ചെയ്ത്. നഗരതല തദ്ദേശ സ്ഥാപനങ്ങളിലെ സമൂഹ അടുക്കളകള്‍ വഴി 99572 പേര്‍ക്കും ഭക്ഷണം നല്കി.
5. സ്നേഹിത കേന്ദ്രീകൃത കൗണ്‍സിലിങ് സേവനങ്ങള്‍
അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിനും താത്ക്കാലിക അഭയമേകുന്നതുമായ കേന്ദ്രങ്ങളാണ് കുടുംബശ്രീ സ്നേഹിത. കേരളത്തിലെ 14 ജില്ലകളിലും സ്നേഹിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ കൗണ്‍സിലിങ് സേവനങ്ങളുള്‍പ്പെടെ നല്കുന്നവരുണ്ട്. ഇത് കൂടാതെ ഫീല്‍ഡ് തലത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ നല്കുന്ന 350 ഓളം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും കുടുംബശ്രീയ്ക്കുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ ടെലിഫോണ്‍ വഴി നല്കുന്നു. 14 ജില്ലകളിലെയും സ്നേഹിത കേന്ദ്രങ്ങളുടെ നമ്പരുകളിലേക്ക് വിളിച്ച് പിന്തുണാസേവനങ്ങള്‍ നേടാനാകും. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള സംശയനിവാരണവും ടെലി കൗണ്‍സിലിങ് മുഖേന നടത്തുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവരില്‍ പിന്തുണാ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്കുന്ന കോളിങ് ബെല്‍ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്കും ഇത്തരത്തില്‍ ടെലിഫോണ്‍ വഴി സേവനം പ്രത്യേകമായി നല്കുന്നു.
6. 2000 കോടി വായ്പ
കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് പൊതുജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനായി റീസര്‍ജന്റ് കേരള ലോണ്‍ സ്കീം (ആര്‍കെഎല്‍എസ്) എന്ന പേരില്‍ കുടുംബശ്രീ മുഖേന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. കൊറോണ വൈറസ് വ്യാപനകാലഘട്ടത്തിലെ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പലിശ രഹിത വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് 2000 കോടി രൂപയാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി പലിശരഹിത വായ്പയായി ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയ്ക്ക് അര്‍ഹര്‍ ആരൊക്കെയാണെന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായിരിക്കും വായ്പാ വിതരണം.
7.തുണിസഞ്ചി നിര്‍മ്മാണം
പൊതുജനങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി തുണിസഞ്ചികള്‍ നിര്‍മ്മിച്ച് നല്കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീയുടെ വിവിധ തയ്യല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ നടത്തി വരുന്നു. കൊല്ലം ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും 1 ലക്ഷം തുണിസഞ്ചിയുടെ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. വരും ആഴ്ചകളില്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ യൂണിറ്റുകൾ വഴി ഓർഡർ ലഭിക്കുന്നതനുസരിച്ച് തുണിസഞ്ചികൾ തയാറാക്കി നൽകും.
8. ബാലസഭാ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ അയല്‍ക്കൂട്ടമായി വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ബാലസഭകള് കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ ലോക് ഡൗണ്‍ കാലം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ജില്ലകള്‍ കേന്ദ്രീകരിച്ച് ഓരോ ജില്ലകളും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബാലസഭകള് വഴി നടത്തുന്നത്. ചിത്രരചനാ മത്സരങ്ങളുള്‍പ്പെടെ ബാലസഭകള് കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടത്തുന്നു.
9.സന്നദ്ധപ്രവര്‍ത്തനത്തിനായി മുന്നോട്ട്
പ്രളയകാലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകളില്‍ അഭയം നല്‍കുന്നതിനും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനുമടക്കം നിരവധി കുടുംബശ്രീ വനിതകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ടു വന്നിരുന്നു. ഈ പ്രതിസന്ധി കാലത്തും സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാ അയല്‍ക്കൂട്ട അംഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ സിവില്‍ സപ്ലൈസിന്റെ ഭക്ഷ്യകിറ്റ് തയാറാക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ആവശ്യാനുസരണം കുടുംബശ്രീ അംഗങ്ങള്‍ മുന്നോട്ട് വരും.
10. വയോജന/അഗതി കേന്ദ്രീകൃത പിന്തുണാ പ്രവര്‍ത്തനങ്ങള്‍
കൊറോണ വൈറസ് ബാധയേല്‍ക്കാല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരാണ് വയോജനങ്ങള്‍. അതിനാല്‍ തന്നെ വയോജനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന രീതിയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തെ ഉപയോഗിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കേരളത്തില്‍ 1.5 ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഈ കുടുംബങ്ങളിലെ വയോജനങ്ങളുടെ ക്ഷേമാന്വേഷണം പ്രത്യേകമായി നടത്തുകയും അവര്‍ക്ക് പ്രത്യേകമായ ശ്രദ്ധ നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ അറിയുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇത് കൂടാതെ അഗതിരഹിത കേരളം പദ്ധതിയുടെ ഗുണഭോക്താക്കളായ നിരാലംബരായവരിലേക്കും പ്രത്യേകിച്ചും ഈ വിഭാഗത്തിലെ വയോജനങ്ങളിലേക്കും എത്താനുള്ള ശ്രമങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന ചെയ്യുന്നു.
- 1283 views