കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ നടപ്പിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ, ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മലപ്പുറം ജില്ലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കൊറോണ വ്യാപനം തടയാൻ സമൂഹത്തിനൊപ്പം പ്രവർത്തിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ. മാസ്ക്- സാനിറ്റൈസർ നിർമ്മാണം, കമ്മ്യൂണിറ്റി കിച്ചൺ സേവനങ്ങൾ, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ പങ്കുവയ്ക്കൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ സർക്കാർ പ്രഖ്യാപിച്ച അടിയന്തര വായ്പാ പദ്ധതി പ്രകാരം ജില്ലയിലേക്ക് ആവശ്യമായ വായ്പ തുക കണക്കാക്കൽ എന്നീ പ്രവർത്തങ്ങൾ കൂടാതെ, കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന വ്യത്യസ്തമായ പ്രവർത്തങ്ങളും ഇതിൽ ഉൾപ്പെടും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകൾ കൂടാതെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ഓഫിസിലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷനിലെ ഉദ്യോഗസ്ഥരാണ് ഭക്ഷണം പാകം ചെയ്യുന്നത്. സിവിൽ സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ നിന്നും മറ്റും ഓർഡർ എടുത്ത ശേഷം ഭക്ഷണം തയ്യാറാക്കി നൽകുകയാണ് ചെയ്യുന്നത്. ഏകദേശം മുന്നൂറോളം പേർക്ക് ദിവസവും ഇത്തരത്തിൽ ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്.
കൊറോണ രോഗം സാരമായി ബാധിക്കുന്നത് വയോജനങ്ങളെ ആയതിനാൽ തന്നെ, വയോജനങ്ങളെ കൊറോണ രോഗത്തെപറ്റിയും അതിന്റെ വ്യാപനത്തെപറ്റിയും ബോധവാന്മാരാക്കുന്നതിനായി കുടുംബശ്രീ മലപ്പുറം ജില്ല മിഷന്റെ നേതൃത്വത്തിൽ ടെലികൗൺസിലിംഗ് ഉറപ്പാക്കുന്നുണ്ട്. സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിലെ കൗൺസിലർമാരാണ് വയോജനങ്ങൾക്ക് ഫോണിലൂടെ കൊറോണ രോഗത്തെപ്പറ്റിയും ഇതിന്റെ വ്യാപനം തടയാനായി എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും രോഗലക്ഷണങ്ങളെപറ്റിയും വയോജനങ്ങൾക്ക് അവബോധം നൽകുന്നത്. ജില്ലയിലെ വയോജന അയൽക്കൂട്ടങ്ങളുടെ ഫോൺ നമ്പറുകൾ ശേഖരിച്ചാണ് ടെലികൗൺസിലിങ് നൽകുന്നത്. വയോജനങ്ങൾക്ക് പുറമെ, സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്ക് വഴി, ഓരോ അയൽക്കൂട്ട അംഗത്തെയും ഇത്തരത്തിൽ ബന്ധപ്പെട്ട വേണ്ട നിർദേശങ്ങളും അവബോധവും നൽകുന്നുണ്ട്.
- 53 views