ആലപ്പുഴ ജനകീയ ഹോട്ടലിനും ജില്ലയിലും തൃശ്ശൂര്‍ ജില്ലയില്‍ വിശപ്പുരഹിത ക്യാന്റീനും തുടക്കം. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലാണ് 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. 2020-21ലെ പൊതുബജറ്റില്‍ 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന, കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന 1000 ഹോട്ടലുകള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടല്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യ്തു. പണം കൈയില്ലില്ലാത്തവര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഷെയര്‍ മീല്‍സ് എന്ന ആശയം വഴിയാണിത്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഒരാള്‍ക്കോ ഒന്നില്‍ക്കൂടുതല്‍ പേര്‍ക്ക് ഷെയര്‍ മീല്‍സ് വഴി ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാം. അതിനുള്ള തുക അടച്ച് ടോക്കണ്‍ എടുക്കണം. പണമില്ലാത്തവര്‍ക്ക് ഈ ടോക്കണുകള്‍ നല്‍കി സൗജന്യമായി ഭക്ഷണം നല്‍കും. ഷെയര്‍ മീല്‍സ് പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എംപി നിര്‍വ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നല്‍കിയ രണ്ട് മുറികളിലായാണ് ഹോട്ടല്‍ നടത്തുന്നത്. ഒരു സമയം 36 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കുടുംബശ്രീ അംഗങ്ങളായ തനൂജ, വിജയലക്ഷ്മി എന്നിവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചുമതല.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് വിശപ്പുരഹിത ക്യാന്റീന് തുടക്കമായത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫെബ്രുവരി 28ന് നടന്ന ചടങ്ങില്‍ ക്യാന്റീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയുള്ള സമയത്ത് 500 പേര്‍ക്കുള്ള ഭക്ഷണമാണ് ഇവിടെ നല്‍കുക. ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. 5 രൂപ സിവില്‍ സപ്ലൈസിന്റെ സബ്‌സിഡിയായി ലഭിക്കും.
- 144 views