സരസ് മേളയ്ക്ക് തുടക്കം
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണന മേളയായ സരസ് മേളയ്ക്ക് കണ്ണൂരില്‍ തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കണ്ണൂരിലെ മങ്ങാട്ടുപറമ്പില് ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടില്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനുവരി 31 വരെയാണ് മേള. ഈ സാമ്പത്തികവര്‍ഷം കേരളത്തില്‍ നടത്തുന്ന ആദ്യ സരസ് മേളയാണിത്.
സരസ് മേളയില്‍ 250 ല്‍പ്പരം ഉത്പന്ന വിപണന സ്റ്റോളുകളാണുണ്ടാകുക. രാജസ്ഥാന്, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിങ്ങനെ 28 സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപ് ഉള്‍പ്പെടെ 8 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സ്റ്റാളുകളാണുള്ളത്. കേരളത്തിലെ കുടുംബശ്രീ സംരംഭകരുടെ 130 സ്റ്റാളുകളുമുണ്ട്. ഇത് കൂടാതെ ഇന്ത്യ ഓണ്‍ യുവര്‍ പ്ലേറ്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്ന ഫുഡ് കോര്‍ട്ടുമുണ്ട്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കാറ്ററിങ് യൂണിറ്റുകള്‍ 22 കൗണ്ടറുകളിലൂടെ സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന രുചികള്‍ ഈ ഫുഡ്കോര്‍ട്ടിലൂടെ പരിചയപ്പെടുത്തും. കേരളത്തിലെ രുചികള്‍ വിളമ്പി 11 കുടുംബശ്രീ യൂണിറ്റുകളും ഫുഡ്കോര്ട്ടിന്റെ ഭാഗമാണ്.
ഉത്പന്ന മേളയും ഫുഡ്കോര്‍ട്ടും കൂടാതെ എല്ലാദിവസവും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകളുമുണ്ടായിരിക്കും. കണ്ണൂര്‍ ജില്ലയിലെ ഓരോ ബ്ലോക്കുകളുടെയും നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് പൊതുസമ്മേളനവും രാത്രിയില്‍ കലാവിരുന്നും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരണം നടത്തി. ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള, വൈസ് ചെയര്മാന് കെ. ഷാജു, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. പ്രീത, കുടുംബശ്രി ഗവേണിങ് ബോഡി അംഗങ്ങളായ എം.കെ. രമ്യ, ബേബി ബാലകൃഷ്ണന്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര്. സുര്‍ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര ഗവണ്മെന്റിന്റെ ദേസീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍ആര്‍എല്‍എം) ധനസഹായത്തോടെയാണ് സരസ് മേളകള്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഓരോ വര്‍ഷവും രണ്ട് വീതം സരസ്മേളകള്‍ നടത്തുന്നു. 2016ലാണ് കുടുംബശ്രീ ആദ്യമായി സരസ് മേള സംഘടിപ്പിച്ചത്. കൊല്ലത്ത് ആശ്രാം മൈതാനാത്തായിരുന്നു ഇത്. 2017-18ല്‍ ഇടപ്പാളിലും പട്ടാമ്പിയിലും 2018-19ല്‍ ചെങ്ങന്നൂരും കുന്ദംകുളത്തും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സരസ് മേളകള്‍ നടത്തി.
- 213 views