റീബില്‍ഡ് കേരള: കുടുംബശ്രീയുടെ 250 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Posted on Friday, November 22, 2019

 * ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 205 കോടി രൂപ
* പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 45 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കുടുംബശ്രീ സമര്‍പ്പിച്ച 250 കോടി രൂപയുടെ വിശദമായ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രളയക്കെടുതികള്‍ അനുഭവിക്കേണ്ടി വന്ന രണ്ടു ലക്ഷം ആളുകള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുക, 1.6 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക എന്നിവയ്ക്കായി സമര്‍പ്പിച്ച പദ്ധതിയ്ക്കാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈലെവല്‍ എംപവേര്‍ഡ് കമ്മിറ്റി അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ക്യാബിനറ്റ് അംഗീകാരത്തോടെ സര്‍ക്കാര്‍ ഉത്തരവ് (ജി.ഓ.നമ്പര്‍ 28/2019/ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്,  തീയതി 15/ 11/ 19)  ലഭിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കുടംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.  
 
 250 കോടി രൂപയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 45 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.  10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ഈ രണ്ടു പദ്ധതിയിലൂടെ രണ്ടു ലക്ഷം ആളുകള്‍ക്ക് സഹായമെത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഉപജീവന പദ്ധതികളില്‍ പതിനായിരം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനും അയ്യായിരത്തോളം ആളുകളെ ജോലിയുമായി ബന്ധപ്പെടുത്താനും എറൈസ് പദ്ധതി പ്രകാരം പതിനായിരത്തോളം പേര്‍ക്ക് ഇലക്ട്രിക്കല്‍, പ്ളംബിങ്ങ് തുടങ്ങിയ  മേഖലകളില്‍ പരിശീലനം നല്‍കി ഗ്രൂപ്പുകള്‍ രൂപീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ബ്രീഡര്‍ ഫാമുകള്‍ സ്ഥാപിക്കുന്നതിനായി 22 കോടിയും മുട്ടയുടെ വാല്യൂ ചെയിന്‍ പദ്ധതിക്കായി എട്ടു കോടി രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.  കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ബ്ളോക്കിലും സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം തുടങ്ങുന്നതിനായി 70 കോടി രൂപയും അറുനൂറു സി.ഡി.എസുകള്‍ക്ക് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ നല്‍കുന്നതിനായി കമ്യൂണിറ്റി എന്‍റര്‍പ്രൈസ് ഫണ്ട് നല്‍കാനും തുക വകയിരുത്തിയിട്ടുണ്ട്.

Content highlight
10,000 സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്‍റ് ഫണ്ട് നല്‍കാനും 25000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ട് നല്‍കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക