കുടുംബശ്രീ അരങ്ങിന്റെ വേദിയില്‍ നിറഞ്ഞാടിയ അയല്‍ക്കൂട്ട വനിതകള്‍ക്കിടയില്‍ പ്രായത്തിന്റെ വെല്ലുവിളിയെ പുഞ്ചിരിയോടെ നേരിട്ട് പോരാടാനെത്തി അരങ്ങിന്റെ കാണികളുടെ ഹൃദയം കീഴടക്കി ചിലര്‍. ആലപ്പുഴയില്‍ നിന്ന് കോമളവല്ലിയമ്മ, ഇടുക്കിക്കാരി വിജയം ഗോപാലകൃഷ്ണന്, പാലക്കാടിന്റെ സ്വന്തം മറിയം പെണ്ണമ്മ എന്നിവര്‍ പ്രായം വെറും അക്കങ്ങള്‍ മാത്രമെന്ന് തെളിയിക്കുകയായിരുന്നു. വിക്ടോറിയ കോളേജില്‍ ഒരുക്കിയ പ്രധാനവേദിയായ കറുത്തമ്മയില്‍ ആദ്യദിനം നടന്ന തിരുവാതിര മത്സരത്തില്‍ പാരമ്പര്യ തനിമ കൊണ്ട് ശ്രദ്ധ നേടിയ ആലപ്പുഴ ടീമിന്റെ നട്ടെല്ലായിരുന്നു കോമളവല്ലിയമ്മ. തകഴി സിഡിഎസില്‍ നിന്നെത്തിയ എട്ടംഗ ടീമിനെ പരിശീലിപ്പിച്ചത് 80 വയസ്സ് പിന്നിട്ട കോമളവല്ലിയമ്മയായിരുന്നു. 12ാം വയസ്സില്‍ തന്നെ നൃത്തം പഠിച്ച കോമളവല്ലിയമ്മ വിവാഹശേഷം കുടുംബശ്രീ ഒരുക്കിയ വേദികളിലൂടെയാണ് കലാലോകത്തേക്ക് തിരികെയെത്തുന്നത്.
കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ മറിയം പെണ്ണമ്മയ്ക്ക് പ്രായം 64 വയസ്സ്!. നെന്മാറ അയിലൂര്‍ സ്വദേശിനിയായ മറിയം പെണ്ണമ്മ വിനോദ് പൂവക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ചൊല്ലിയാണ് മൂന്നാമതെത്തിയത്. ലളിതഗാനം, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലും ഇവര്‍ മത്സരിച്ചിരുന്നു. അതേസമയം സീനിയര്‍ വിഭാഗം നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഇടുക്കി തൊടുപുഴക്കാരിയായ വിജയം ഗോപാലകൃഷ്ണന്റെ പ്രായം 62 പിന്നിട്ടിരിക്കുന്നു. ചടുല നൃത്തച്ചുവടുകള്‍ കൊണ്ട് വേദിയെ അമ്പരപ്പിച്ചു ഇവര്‍. അടുത്ത അരങ്ങിലേക്ക് വീണ്ടും മത്സരിക്കാനെത്തുമെന്ന ഉറപ്പും നല്‍കിയാണ് ഇവരേവരും പാലക്കാട് നിന്ന് മടങ്ങിയത്.
- 192 views