ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ വനിതകള്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുടുംബശ്രീ വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 31ന് നടന്ന മത്സരത്തില്‍ തെക്കനോടി വിഭാഗത്തിലെ രണ്ടാം സ്ഥാനവും കുടുംബശ്രീ ടീം തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ വള്ളം കരസ്ഥമാക്കി.
കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വള്ളം കളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കൈക്കൊണ്ടത്. കന്നി ശ്രമത്തില്‍ തന്നെ രണ്ടാം സ്ഥാനം നേടാന്‍ കുട്ടനാട്ടിലെ കുടുംബശ്രീ വീട്ടമ്മമാര്‍ക്ക് സാധിച്ചു!. കേരള പോലീസ് ടീമിനാണ് ഒന്നാം സ്ഥാനം. ദേവാസ് വള്ളം തുഴഞ്ഞ പുത്തൂരാന്‍ ബോട്ട് ക്ലബ്ബ് വനിതാ ടീം മൂന്നാം സ്ഥാനവും നേടി.
വള്ളംകളിയില്‍ പങ്കെടുക്കണമെന്ന തീരുമാനം കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങളെ അറിയിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 84 പേരാണ് തുഴയെറിയാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നത്. രണ്ട് ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം 36 പേരെ കുടുംബശ്രീയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്തു. 35 വയസ്സ് മുതല്‍ 67 വയസ്സ് വരെ പ്രായുള്ളവര്‍ ടീമിലുണ്ടായിരുന്നു. ഇവര്‍ ജൂലൈ 25 മുതല്‍ എല്ലാ ദിവസം 5 മണിക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഓഗസ്റ്റ് 6,7 തിയതികളില്‍ നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന ട്രാക്കില്‍ തന്നെയും പരിശീലനം നല്‍കി. ആലപ്പുഴ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വിഭാഗം പ്രോഗ്രാം മാനേജര്‍ പി. സുനിതയായിരുന്നു ടീം ക്യാപ്റ്റന്‍.
- 14 views