ചരിത്രം സൃഷ്ടിച്ച് ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പ്,
ഇന്റര്‍ ട്രാന്‍സ്ഫറബിലിറ്റി സാധ്യമാക്കി ആദ്യ പൊതു സ്ഥലംമാറ്റം,
മൂന്ന് വര്‍ഷം ഒരേ ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാവരെയും മാറ്റി,
പ്രക്രീയ പൂര്‍ണമായും ഓണ്‍ലൈനില്‍, സംസ്ഥാനതലത്തില്‍ മാറ്റം 6316 പേര്‍ക്ക്
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അപേക്ഷ മുതല്‍ സ്ഥലം മാറ്റ ഉത്തരവ് വരെ പൂര്‍ണമായും ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ച ആദ്യ സ്ഥലംമാറ്റ നടപടിയാണിത്. മൂന്ന് വര്‍ഷം ഒരു ഓഫീസില്‍ പൂര്‍ത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 31451 ജീവനക്കാരുടെയും എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ശേഖരിച്ച് കുറ്റമറ്റ നിലയിലാണ് പ്രക്രീയ നടന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ആകെ 13279 പേരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്. ഇതില്‍ സംസ്ഥാനതല സ്ഥലംമാറ്റത്തിന് അപേക്ഷിച്ച 7875 പേരില്‍ അര്‍ഹരായ 6316 പേർക്ക് (80.2%) മാറ്റം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ തല സ്ഥലം മാറ്റങ്ങളുടെ നടപടികൾ പുരോഗതിയിലാണ്, ഈ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഇത്രയും വിപുലമായ സ്ഥലംമാറ്റ നടപടിയും ചരിത്രത്തില്‍ ആദ്യമാണ്. ഒരു ഓഫീസില്‍ മൂന്ന് വര്‍ഷമായ ജീവനക്കാരെ നിര്‍ബന്ധമായും, അല്ലാത്തവരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാത്തവരെയും, അപേക്ഷിക്കാത്തവരെയും സ്ഥലംമാറ്റത്തിന് പരിഗണിച്ചിട്ടില്ല. പൂര്‍ണമായും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയത്. സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ കരട് തയ്യാറാക്കി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത്, അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. ഈ നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്ഥലംമാറ്റം നടത്തി, പദ്ധതി നടത്തിപ്പിന് വേഗം കൂട്ടണമെന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ആവശ്യം കൂടി ഫലം കാണുകയാണ്.
നിശ്ചിത നിബന്ധനകള്‍ക്ക് അനുസൃതമായി പരാതികള്‍ക്ക് ഇടനല്‍കാതെ പൂര്‍ണമായും ഓണ്‍ലൈനിലാണ് സ്ഥലംമാറ്റ പ്രക്രീയ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍ക്ക് താത്പര്യമുള്ള ഓഫീസും വിഭാഗവും ഓണ്‍ലൈനില്‍ പരിധിയില്ലാതെ തെരഞ്ഞെടുക്കാനും, കരട് ലിസ്റ്റില്‍ അപ്പീല്‍ നല്‍കാനുമുള്ള അവസരം നല്‍കിയിരുന്നു. സ്ഥലംമാറ്റ പ്രക്രീയയില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു . സീനിയോറിറ്റിക്കും താത്പര്യത്തിനും അനുസൃതമായി ജോലി ഓരോ ജീവനക്കാരനും ഉറപ്പാക്കാന്‍ നടപടിയിലൂടെ സാധിച്ചു. മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള നിര്‍ബന്ധിതമായ മാറ്റം കാര്യശേഷി വര്‍ധിപ്പിക്കാനും അഴിമതിയുടെ സാധ്യത തടയാനും സഹായകമാണ്. പരാതികളില്ലാതെയും സുതാര്യമായും ട്രാന്‍സ്ഫര്‍ പ്രക്രീയ പൂര്‍ത്തിയാക്കാനായി. നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും, ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയ ഐകെഎമ്മിനെയും മന്ത്രി അഭിനന്ദിച്ചു.
പൊതു ക്യൂ ലിസ്റ്റിന് പുറമെ പ്രത്യേക മുൻഗണനകൾക്ക് അർഹരായവരുടെ പ്രത്യക ക്യൂ ലിസ്റ്റുകളും , പരിഗണിക്കുന്നതിനുള്ള റൊട്ടേഷൻ ചാർട്ടും തയ്യാറാക്കിയിരുന്നു. കരട് ക്യൂ ലിസ്റ്റിൻ മേലും കരട് സ്ഥലം മാറ്റ ഉത്തരവിൻമേലും 10 ദിവസം വീതം ആക്ഷേപത്തിന് സമയം അനുവദിച്ചു. യാതൊരു മാന്വൽ നടപടിയും ഇല്ലാതെ പൂർണമായും സിസ്റ്റം ജനറേറ്റഡും ശാസ്ത്രീയവുമായാണ് സ്ഥലം മാറ്റ നടപടികൾ സ്വീകരിച്ചത്. പൊതു സ്ഥലമാറ്റ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവർക്ക് സർക്കാർ മുമ്പാകെ അപ്പീൽ നൽകാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്
- 591 views