ജലസ്രോതസ്സുകളിലെ ജലലഭ്യതയറിയാന്‍ സ്കെയിലുകള്‍ സ്ഥാപിച്ച് ഹരിതകേരളം മിഷന്‍:

Posted on Monday, March 11, 2019

ജലസ്രോതസ്സുകളിലെ ജലലഭ്യതയറിയാന്‍ സ്കെയിലുകള്‍ സ്ഥാപിച്ച് ഹരിതകേരളം മിഷന്‍:
ജലസ്രോതസ്സുകളില്‍ ഓരോ സമയത്തും ഉള്ള ജലത്തിന്‍റെ അളവ് അറിയുന്നതിനും അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജലസ്രോതസ്സുകളിലും സ്കെയിലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് ഈ നടപടി. സ്കെയിലിലെ അളവ് നോക്കി ഓരോ സമയത്തും കുളത്തില്‍ എന്തുമാത്രം ജലം ലഭ്യമാണ് എന്ന് പൊതുജനങ്ങള്‍ക്കു കൂടി അറിയാന്‍കഴിയുന്ന രീതിയിലുള്ള പട്ടിക ഉള്‍പ്പെടുന്ന ഒരു ബോര്‍ഡ് കൂടി സ്കെയിലിന് സമീപം സ്ഥാപിക്കുന്നുണ്ട്. ഈ അളവുകള്‍ തദ്ദേശഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്രോഡീകരിച്ച് വിവരങ്ങള്‍ എല്ലാ സമയത്തും ലഭ്യമാകത്തക്ക തരത്തില്‍ ജിയോടാഗിംഗ് ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രാദേശികമായുള്ള ജലലഭ്യതയും ഗുണനിലവാരവും അറിയാനും അതനുസരിച്ച് ജലവിതരണം, പരിപാലനം എന്നിവ ആസൂത്രണം ചെയ്യുന്നതിനുമാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ജലസംരക്ഷണത്തിനായി ശാസ്ത്രീയവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാട്ടാക്കട നിയോജക മണ്ഡലത്തിലെ നൂറോളം കുളങ്ങളില്‍ സ്കെയിലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്‍റെ സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിനെയാണ് സ്കെയിലുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.