scroll news

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ക്രമീകരണം ഏര്‍പ്പെടുത്തി - എ.സി.മൊയ്തീൻ

Posted on Sunday, August 11, 2019

കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. അവധിയില്‍ പ്രവേശിച്ചിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും അടിയന്തരമായി ജോലിക്ക് ഹാജരാകുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. 

ദുരിതാശ്വാസക്യാമ്പുകളില്‍ ശുദ്ധമായ കുടിവെള്ളവും സാനിറ്ററി സൗകര്യങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സജ്ജമാക്കും. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍നിന്ന് തദ്ദേശവാസികളെ രക്ഷപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. വീടുകളിലും മറ്റു കെട്ടിടങ്ങളിലും കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എത്തിക്കും.

ദുരിതബാധിത പ്രദേശങ്ങളില്‍ സാംക്രമികരോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നു വാങ്ങി നല്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് വിനിയോഗിക്കാം.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ പൊതു കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിച്ച് പ്രവര്‍ത്തന യോഗ്യമാക്കും. രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിനും തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കാം. ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ഇലക്ട്രീഷ്യന്മാരുടെയും പ്ലംബര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നതിനും തുക ചെലവഴിക്കുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളെയും ഏജന്‍സികളെയും ചുമതലപ്പെടുത്താത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്താം. 

മന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
04712332700, 8301804834 എന്നീ നമ്പറുകളിൽ മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂമിൽ ബന്ധപെടാവുന്നതാണ്.

ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയംഭരണ വകുപ്പില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
0471 2786322, 9387212701 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

പഞ്ചായത്ത്, നഗരകാര്യം, ചീഫ് എന്‍ജിനീയര്‍ (LSGD), കുടുംബശ്രീ, ലൈഫ്‌മിഷന്‍, ചീഫ് ടൗണ്‍പ്ലാനര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വകുപ്പ് മേധാവികളുടെ  ഓഫീസുകളിലും മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം

Posted on Saturday, August 10, 2019

മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരിക്കുന്നു

കൺട്രോൾ റൂം നമ്പര്‍
830 180 4834

കാലവര്‍ഷക്കെടുതി-ദുരിതാശ്വാസ നടപടികള്‍-നിര്‍ദേശങ്ങള്‍-ഉത്തരവ് സ.ഉ(ആര്‍.ടി) 1716/2019/തസ്വഭവ Dated 08/08/2019

Posted on Friday, August 9, 2019

സ.ഉ(ആര്‍.ടി) 1716/2019/തസ്വഭവ Dated 08/08/2019

മഴക്കെടുതി –സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ -ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ -നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് 

Content highlight

Ease of Doing Business - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്/ കേരള മുനിസിപ്പാലിറ്റി ആക്റ്റ് അനുബന്ധ ചട്ടങ്ങള്‍ എന്നിവയില്‍ വരുത്തിയ ഭേദഗതികള്‍

Posted on Saturday, August 3, 2019

2018-ലെ കേരള നിക്ഷേപ പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും (2)ം നമ്പര്‍) ആക്ട് (2018 -ലെ 14)ം ആക്ട്) പ്രകാരം 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്തിരുന്നു. ആക്ടിലെ ഭേദഗതിയ്ക്കനുസരിച്ച് താഴെ പറയുന്ന ചട്ടങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

  1. കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. G.O.(P) No. 78/2017/LSGD dated 31.10.2017.
  2. കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017. G.O.(P) No. 79/2017/LSGD dated 31.10.2017.
  3. കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍.G.O.(P) No. 80/2017/LSGD dated 31.10.2017.
  4. കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. G.O.(P) No. 81/2017/LSGD dated 31.10.2017.
  5. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017. G.O.(P) No. 82/2017/LSGD dated 31.10.2017.

സംസ്ഥാനത്ത് വ്യവസായം തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടി കേരള പഞ്ചായത്ത് രാജ് ആക്റ്റ്, കേരള മുനിസിപ്പാലിറ്റി ആക്റ്റ് അനുബന്ധ ചട്ടങ്ങള്‍ എന്നിവയില്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രധാന ഭേദഗതികളാണ്സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് - സെക്ഷന്‍ 233(4) - ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് - സെക്ഷന്‍ 448 (4ഡി) ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറീസ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഡി.എം.ഒ. യുടെ ക്ലിയറന്‍സ് മതിയാകും.

കേരള മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 447 (4 & 5 (എ) - ലൈസന്‍സിന്റെ കാലാവധി 5 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കും.

കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. (G.O.(P) No. 78/2017/LSGD dated 31.10.2017).
നികുതി ദായകര്‍ക്ക് Login Id യും Password ഉം ഉപയോഗിച്ച് ഒാണ്‍ലെെന്‍ ഇ - പെയ്മെന്റ് സിസ്റ്റത്തില്‍ തൊഴില്‍ നികുതി അടയ്കുുവാന്‍ കഴിയുന്നതിനുള്ള വ്യവസ്ഥകള്‍ ചേര്‍ത്താണ് ചട്ടം ഭേദഗതി ചെയ്തിരിയ്ക്കുന്നത്.

കേരള മുനിസിപ്പാലിറ്റി (സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017. (G.O.(P) No. 79/2017/LSGD dated 31.10.2017.
ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് , സ്റ്റേറ്റ് പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ഹെല്‍ത്ത് സര്‍വ്വീസസ് ഡിപ്പാര്‍ട്ട്മെന്റ്, മറ്റ് പ്രസക്തമായ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള NOC സഹിതം സമര്‍പ്പിക്കുന്ന സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ സംബന്ധിച്ച അപേക്ഷകള്‍ക്ക് സെക്രട്ടറി/ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ അതേ ദിവസം തന്നെ രജിസ്ട്രേഷന്‍ നല്കുന്നതിനുള്ള വ്യവസ്ഥകള്‍ ചട്ടങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ രജിസ്ട്രേഷന്‍ അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ച് പുതുക്കാവുന്നതാണ്.

കേരള പഞ്ചായത്ത് രാജ് ( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ ) ചട്ടങ്ങള്‍,2017 (G.O.(P) No. 80/2017/LSGD dated 31.10.2017.
ചട്ടത്തിന്റെ title കേരള പഞ്ചായത്ത് രാജ്( ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍ എന്നാക്കിയിട്ടുണ്ട്.ലെെസന്‍സിന്റെ കാലാവധി 5 വര്‍ഷമാണ്. നിശ്ചിത ഫീസ് അടയ്ക്കുമ്പോള്‍ സ്വയമേവ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതുമാണ്.

കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017. (G.O.(P) No. 81/2017/LSGD dated 31.10.2017.
ചട്ടം 55, 56, 58, 60 എന്നിവ അനുസരിച്ച് 300നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.

കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ ,2017 (G.O.(P) No. 82/2017/LSGD dated 31.10.2017.
ചട്ടം 53, 54, 56, 57 എന്നിവ അനുസരിച്ച് 300 നും 1000 നും ഇടയ്ക്ക് ചതുരശ്ര അടിയുള്ള 15 മീറ്റര്‍ ഉയരത്തില്‍ കൂടാത്ത കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ ക്ലിയറന്‍സ് ലഭിക്കുന്നതിന് പ്ലാന്‍ തയ്യാറാക്കിയ architect/Engineer എന്നിവരുടെ സര്‍ട്ടിഫിക്കറ്റിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും. Deemed permit ബാധകമാകുന്ന കേസുകളില്‍ ആയതിനുള്ള സമയപരിധി 30 ദിവസമായി കുറച്ചിട്ടുണ്ട്.

ബന്ധപ്പെട്ട ഉത്തരവുകള്‍ :-

 

സ.ഉ(പി) 82/2017/LSGD Dated 31/10/2017 -കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍,2017. 

സ.ഉ(പി) 81/2017/LSGD Dated 31/10/2017 -കേരള പ‍ഞ്ചായത്ത് ബില്‍ഡിംഗ് (ഭേദഗതി) ചട്ടങ്ങള്‍ , 2017.

സ.ഉ(പി) 80/2017/LSGD Dated 31/10/2017 -കേരള പഞ്ചായത്ത് രാജ്( ആപല്‍ക്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലെെസന്‍സ് നല്കല്‍ )ചട്ടങ്ങള്‍.

സ.ഉ(പി) 79/2017/LSGD Dated 31/10/2017 - കേരള മുനിസിപ്പാലിറ്റി ( സ്വകാര്യ ആശുപത്രികളുടേയും സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ ,2017.

സ.ഉ(പി) 78/2017/LSGD Dated 31/10/2017 - കേരള പഞ്ചായത്ത് രാജ് (തൊഴില്‍ നികുതി ) ഭേദഗതി ചട്ടങ്ങള്‍, 2017. 

25890/ലെഗ്.സി.3/2017/നിയമം Dated 07/04/2018 - 2018- ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കളും (2-ാം നമ്പര്‍)ആക്റ്റ്

 

Content highlight

മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത്

Posted on Friday, July 5, 2019

കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 30 ദിവസത്തിലധികമായി തീര്‍പ്പാക്കാതെ ശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌/ഒക്കുപ്പന്‍സി സംബന്ധിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ വിശദമായ സമയക്രമം ചുവടെ ചേര്‍ക്കുന്നു.

ക്രമ നം. കോര്‍പ്പറേഷന്‍ അദാലത്ത് നടക്കുന്ന തിയ്യതിയും സമയവും
1 കൊച്ചി 15 ജൂലൈ 2019, 10 മണിയ്ക്ക്
2 തിരുവനന്തപുരം 17 ജൂലൈ 2019, 11 മണിയ്ക്ക്
3 കൊല്ലം 19 ജൂലൈ 2019, 10 മണിയ്ക്ക്
4 തൃശ്ശൂര്‍ 22 ജൂലൈ 2019, 10 മണിയ്ക്ക്
5 കോഴിക്കോട് 29 ജൂലൈ 2019, 10 മണിയ്ക്ക്
6 കണ്ണൂര്‍ 02 ഓഗസ്റ്റ്‌ 2019, 10 മണിയ്ക്ക്

വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ ഭേദഗതി

Posted on Thursday, July 4, 2019

വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള  നിര്‍ദേശങ്ങളില്‍ ഭേദഗതി  വരുത്തിയ ഉത്തരവ് 

സ.ഉ(എം.എസ്) 251/2019/ധന Dated 03/07/2019

വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ് 

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാണ്

Posted on Tuesday, June 18, 2019

പഞ്ചായത്ത് വകുപ്പ് ജീവനക്കാരുടെ 2018-19 വര്‍ഷത്തെ ക്രെഡിറ്റ് കാര്‍ഡ്  https://kpepf.lsgkerala.gov.in  എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാര്‍ ടി വിവരങ്ങള്‍ പരിശോധിച്ച് അപാകതകള്‍ ഉള്ള പക്ഷം ടി വിവരം കെ പി ഇ പി എഫ് സെക്ഷനില്‍ അറിയിക്കേണ്ടതാണ്.