ലോക പരിസ്ഥിതി ദിനത്തില്‍ നാടാകെ നവകേരളം പച്ചത്തുരുത്തിന് തുടക്കമിട്ട് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്. കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് ജൂണ്‍ 5 ന് വൈകുന്നേരം 4 മണിക്ക് വൃക്ഷത്തൈനട്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ പദ്ധതി വിശദീകരിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ക്ക് നാളെ തുടക്കമാവും. 574 ഏക്കറിലായി നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകള്‍ക്ക് പുറമേയാണിത്. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. വെള്ളായണി കാര്‍ഷിക കോളേജില്‍ അപൂര്‍വ്വ സസ്യങ്ങളും ഔഷധ സസ്യങ്ങളും ഉള്‍പ്പെടുത്തി 5 സെന്റ് വീതമുള്ള രണ്ട് പച്ചത്തുരുത്തുകള്‍ക്കും നാളെ തുടക്കമാവും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് കൊട്ടാരക്കര നഗരസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഇടുക്കിയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് ശാന്ത്രിഗ്രാം ഗവണ്മെന്റ് സ്കൂളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, മലപ്പുറത്ത് പുറത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്, കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പത്തനംതിട്ട ഏഴംകുളം പഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കാസര്‍ഗോഡ് നഗരസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., കോട്ടയം നഗരസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., വയനാട് മേപ്പാടി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പി. സിദ്ദീഖ് എം.എല്‍.എ., തൃശൂര്‍ കാറളം പഞ്ചായത്ത് മൃഗാശുപത്രി വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, പാലക്കാട് അനങ്ങനടി 8-ാം വാര്‍ഡില്‍ പത്താംകുളത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ആലപ്പുഴ ദേവികുളങ്ങരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എറണാകുളം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തില്‍ ഐ.ആര്.ടി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. പി.കെ. രവീന്ദ്രന് എന്നിവരാണ് വൃക്ഷത്തൈ നട്ട് നവകേരളം പച്ചത്തുരുത്തുകള്‍ക്ക് ജില്ലാതലങ്ങളില്‍ തുടക്കം കുറിക്കുന്നത്. പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് തുടക്കമിടുന്നതെന്ന് നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.
- 80 views