ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തില്‍ സ്ഥാപിക്കുന്ന 11 ലാബുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച (02.1102020) ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. ചിറ്റൂര്‍ ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി പങ്കെടുക്കും. ചടങ്ങ് ഓണ്‍ലൈനായി ഹരിതകേരളം മിഷന് ഫേസ്ബുക്കില്‍ ലൈവായി കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, പൊതു വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ് ഹരിതകേരളം മിഷന് എന്നിവിടങ്ങളിലെ ഉദ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, ജലവിഭവ വകുപ്പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന് ലബോറട്ടറി സംവിധാനമൊരുക്കുന്നത്.
ചിറ്റൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നല്ലേപ്പിള്ളി, ഭഗവതി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ വണ്ണാമട, ശ്രീവിദ്യാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എരുത്തേമ്പതി, ഗവ.വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചിറ്റൂര്‍, ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചിറ്റൂര്‍, പി.ജി.പി.എച്ച്.എസ് സ്കൂള്‍ ചുരിക്കാട്, പൊല്‍പ്പുള്ളി, ഗവ.ഹയര്സെക്കണ്ടറിസ്കൂള് തത്തമംഗലം, ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പെരുവെമ്പ്, ഹയര്‍സെക്കണ്ടറി സ്കൂള്‍ പെരുമാട്ടി, കെ.കെ.എം. ഹയര്‍സെക്കണ്ടറി സ്കൂള്‍ വണ്ടിത്താവളം എന്നീ സ്കൂളുകളില്‍ സ്ഥാപിച്ച ജലഗുണ നിലവാര പരിശോധന ലാബുകളാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
എം.എല്‍.എ.മാരുടെ ആസ്തിവികസന നിധിയില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എം.എല്‍.എ.മാര്‍ 380 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തുക അനുവദിച്ചു. ഇതുള്‍പ്പെടെ 480 സ്കൂളുകളില്‍ ആദ്യ ഘട്ടമായി ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ വര്‍ഷംതന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബുകള്‍ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ സ്കൂളുകളിലെ ലാബുകളില്‍ നേരിട്ടെത്തിച്ച് ഗുണനിലവാര പരിശോധന നടത്താം. പ്രാദേശികമായി ലാബുകള്‍ സ്ഥാപിക്കുന്നതോടെ കുടിവെള്ള പരിശോധന വ്യാപകമാക്കാനും ജല ഗുണനിലവാരം ഉറപ്പാക്കാനും കഴിയും.
- 365 views