തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക ജൈവ വൈവിധ്യത്തുരുത്തുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പഞ്ചായത്തില്‍ വേങ്ങോട് ഹെല്‍ത്ത് സെന്റര്‍ കോമ്പൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നീര്‍മാതളത്തിന്റെ തൈ നട്ട് ആദ്യ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനമൊട്ടാകെ 370 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 632 പച്ചത്തുരുത്തുകള്‍ 539 ഏക്കറിലായി നിലവില്‍ വന്നു. 368 പച്ചത്തുരുത്തുകള്‍ കൂടി ആരംഭിച്ച് 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കാനുള്ള രണ്ടാം ഘട്ടത്തിന് ഹരിതകേരളം മിഷന് ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ തുടക്കമിടുകയാണ്. എല്ലാ ജില്ലകളിലുമായി പുതിയ 200 ഓളം പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കമാവും. ഇതിനായുള്ള സ്ഥലങ്ങളും തൈകളും കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ സ്ഥാപിച്ച പച്ചത്തുരുത്തുകളില്‍ നശിച്ചുപോയ തൈകള്‍ക്ക് പകരം പുതിയവ നടുന്ന പ്രവര്‍ത്തനവും നടക്കും. ഈ മാസം തന്നെ 1000 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. കൂടാതെ ജൂണ്‍ 5 പരിസ്ഥിതിദിനത്തില്‍ 'പച്ചത്തുരുത്തും ജൈവവൈവിധ്യവും' എന്ന വിഷയം ആധാരമാക്കി രാവിലെ 10.30 മുതല്‍ 12 വരെ ഹരിതകേരളം മിഷന് ഫേസ്ബുക്ക് ലൈവും സംഘടിപ്പിച്ചിട്ടുണ്ട്.
ചുരുങ്ങിയത് അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. അന്തരീക്ഷത്തിലെ അധിക കാര്‍ബണിനെ ആഗിരണം ചെയ്ത് സംഭരിച്ച് സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചത്തുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും.
- 157 views