എന്താണ് മസ്റ്ററിംഗ് ?
പെന്ഷന് ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്.
ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?
കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്ഷന് എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
എങ്ങനെയാണ് മസ്റ്ററിംഗ് ചെയ്യേണ്ടത്?
മസ്റ്ററിംഗ് ചെയ്യുന്നതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് (ഐറിസ്) ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.
മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതുണ്ടോ?
ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കരുത്. ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.
പെന്ഷന് വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ?
പെന്ഷന് വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്ഷന് വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും, മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.
മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയ കേന്ദ്രത്തില്‍ കൊണ്ട് ചെല്ലേണ്ടത്?
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്ഷന് ഐഡി കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമാണ്.
മസ്റ്ററിംഗ് എന്ന് വരെ ചെയ്യാന്‍ കഴിയും?
നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2019 നവംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്. നവംബര്‍ 30 ന് ശേഷം തീയ്യതി സര്‍ക്കാര്‍ നീട്ടി നല്കുകയാണെങ്കില് മാത്രമേ തുടര്‍ന്ന് ചെയ്യാന്‍ കഴിയൂ.
കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ എന്താണ് ചെയ്യേണ്ടത്?
കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്ഷന് വാങ്ങുന്ന തദ്ദേശ ഭരണ സ്ഥാപനത്തെ 29 നവംബര്‍ 2019 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.
അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ, തദ്ദേശ ഭരണ സ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?
ഇല്ല. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.
ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്ഷന് വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?
ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ ഭരണ സ്ഥാപനത്തില്‍ നല്‍കണം.
വീടിന് അടുത്തുള്ള അക്ഷയകേന്ദ്രം വഴി മാത്രമാണോ മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നത്?
അല്ല. കേരളത്തിലെ ഏത് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും പെന്ഷന് വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.
പെന്ഷന് ലഭിച്ച് തുടങ്ങിയിട്ടില്ല. പാസ്സായിട്ടുണ്ട് എന്ന് തദ്ദേശസ്ഥാപനം അറിയിച്ചിട്ടുണ്ട്. മസ്റ്ററിംഗ് നടത്തണോ?
തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്ത ആക്റ്റീവ് ആയിട്ടുള്ള എല്ലാ പെന്‍ഷനേഴ്സിനും തുടര്‍ന്നും പെന്ഷന് ലഭിക്കാന്‍ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബര്‍ മാസം മുതല്‍ പെന്ഷന് ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് ചെയ്തിരിക്കണം.
വിധവാ പെന്ഷന്, അവിവാഹിത പെന്ഷന് എന്നിവ വാങ്ങുന്നവര്‍, പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ?
എല്ലാ പെന്ഷന് ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെന്ഷന്, അവിവാഹിത പെന്ഷന് എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവര്‍ മാത്രം പുനര്‍വിവാഹിത ആയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടി എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ അതാത് തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്.
60 വയസ്സിന് മുകളിലുള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?
60 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ എല്ലാ പെന്‍ഷനേഴ്സും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം.
സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് പെന്ഷന് കൈപറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ?
എല്ലാ തരം പെന്ഷന് ഗുണഭോക്താക്കളും മസ്റ്ററിംഗ് നടത്തണം.
മസ്റ്ററിംഗ് നടത്തി കഴിഞ്ഞാല്‍ അക്ഷയയില്‍ നിന്നും ലഭിക്കുന്ന രസീത് തദ്ദേശസ്ഥാപനത്തില്‍ നല്‍കേണ്ടതുണ്ടോ?
വേണ്ട. മസ്റ്ററിംഗ് അക്ഷയയില്‍ മാത്രമാണ്. അക്ഷയയില്‍ മസ്റ്ററിംഗ് നടത്തിയാല്‍ ഈ വിവരം ഓണ്‍ലൈന്‍ ആയി തന്നെ തദ്ദേശസ്ഥാപനത്തില്‍ അപ്ഡേറ്റ് ആകുന്നതാണ്. ഗുണഭോക്താവ് മാനുവലായി യാതൊന്നും നല്‍കേണ്ടതില്ല.
ആധാര്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ള ഒരു ഗുണഭോക്താവിന്, മസ്റ്ററിംഗ് പരാജയം ആവുകയാണെങ്കില്‍ എന്താണ് അടുത്ത നടപടി?
ഇങ്ങനെയുള്ള ഗുണഭോക്താക്കള്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം. അക്ഷയ കേന്ദ്രത്തില്‍ നിന്നും മസ്റ്ററിംഗ് പരാജയം (Mustering failed) ആയി എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത ഗുണഭോക്താവിന്റെ ലൈഫ് സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നും കൂട്ടിചേര്‍ക്കുന്നതിനുള്ള സൌകര്യം സേവന പെന്ഷന് സോഫ്റ്റ് വെയറില്‍ ഒരുക്കിയിട്ടുണ്ട്.
മസ്റ്റ്റിംഗ് ചെയ്യുമ്പോള്‍ പരാജയപ്പെടാനുള്ള കാരണങ്ങളും പരിഹാരങ്ങളും
കാരണങ്ങള്‍ | പരിഹാരം |
സേവന പെന്ഷന് സോഫ്റ്റ്വെയറില് ആധാര്‍ നമ്പറും വ്യത്യാസം ഉള്ളതിനാല്‍ | ഗുണഭോക്താക്കള്‍ ആധാര്‍ നമ്പരുമായി അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ എത്തി യഥാര്‍ത്ഥ ആധാര്‍ നമ്പര്‍ സേവന പെന്ഷന് സോഫ്റ്റ്വെയറില് ഉള്പ്പെടുതെണ്ടതാണ്. തുടര്‍ന്ന് വീണ്ടും അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യേണ്ടതാണ്. |
ആധാര്‍ കാര്‍ഡ് UIDAI സസ്പെന്റ് ചെയ്തിരിക്കുന്നതിനാല്‍ | ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ ബന്ധപെട്ട് ആധാര്‍ സജീവമാക്കിയ (activate) ശേഷം മസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്റെ ഫീസ് സര്‍ക്കാര്‍ നല്കുന്നതുമല്ല. |
ആധാര്‍ നമ്പര്‍ സേവന പെന്ഷന് സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ | ആധാര്‍ നമ്പര്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറി സേവന പെന്ഷന് സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തുക. അതിനു ശേഷം ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തില്‍ എത്തി മസ്റ്റര്‍ ചെയ്യുക |
ഗുണഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ | അക്ഷയ കേന്ദ്രത്തില്‍ എത്തി ആധാറില്‍ ബയോമെട്രിക് വിവരങ്ങള്‍ കാലികമാക്കിയ ശേഷം മസ്റ്റര്‍ ചെയ്യുക. ഇത് മസ്റ്ററിംഗുമായി ബന്ധമില്ലാത്തതും അതിന്റെ ഫീസ് സര്‍ക്കാര്‍ നല്കുന്നതുമല്ല |
ആധാര്‍ ഒഴിവാക്കി നല്കിയവരില് ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ ശ്രമിക്കുന്ന അവസരത്തില്‍ | പ്രസ്തുത വ്യക്തിയുടെ ആധാര്‍ പുതുതായി സേവന പെന്ഷന് സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തുക. തുടര്‍ന്ന് അക്ഷയ കേന്ദ്രത്തില്‍ എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്‍കുക |
Last updated on 17 Nov 2019
- 58196 views