ആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായി 14 കേന്ദ്രങ്ങളിലായി ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്.
2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്.5,000 പ്രവൃത്തികളിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ് നിർവഹണം.
ആദ്യഘട്ടത്തിൽ 2011 പ്രവൃത്തികൾക്ക് 354.59 കോടി രൂപയും രണ്ടാംഘട്ടത്തിൽ 2,118 പ്രവൃത്തികൾക്ക് 388.43 കോടി രൂപയും അനുവദിച്ച് ഭരണാനുമതിയായിരുന്നു.കൂടാതെ, മൂന്നാംഘട്ടത്തിൽ 881 പ്രവൃത്തികൾക്ക് 173.64 കോടി രൂപയും മറ്റുഘട്ടങ്ങളിലെ പ്രവൃത്തികളുടെ മെച്ചപ്പെട്ട പൂർത്തീകരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ച് ഭരണാനുമതിയായിരുന്നു.
- 8091 views