ഭവനരഹിതർക്ക് വീടു നിർമ്മിച്ചു നൽകുന്ന ഒരു പദ്ധതി മാത്രമല്ല ലൈഫ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ സംതൃപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നൊരു വലിയ ധർമ്മം കൂടെ അത് ഏറ്റെടുക്കുന്നുണ്ട്. അവർക്ക് മെച്ചപ്പെട്ട ജീവനോപാധികൾ നൽകാനും, സുരക്ഷിതവും സന്തോഷപ്രദവുമായ സാമൂഹ്യജീവിതം ഒരുക്കാനും കൂടെയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ശ്രമിക്കുന്നത്. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദപരിപാടിയിൽ 'ലൈഫി'നെ കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൈപുണ്യവികസന പരിശീലനം നൽകാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിലിൽ ആരംഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ പോകുന്ന ‘ആയിരം പേർക്ക് അഞ്ച് തൊഴിൽ’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് ഉപഭോക്താക്കൾക്ക് തൊഴിൽ നൽകും. ലൈഫ് ഒരു ജനകീയ പദ്ധതിയായാണ് ഇപ്പോൾ നടപ്പിലാക്കപ്പെടുന്നത്. ഈ ജനപങ്കാളിത്തവും ഒത്തൊരുമയുമാണ് നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ പ്രാപ്തമാക്കുക. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്ന കുടുംബങ്ങളാണ് ലൈഫിന്റെ ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഉള്ളതെന്നതിനാൽ അവർക്കിടയിൽ ഒത്തൊരുമയും പരസ്പരം കരുതലും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
- 1262 views