• മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് 5ന് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും
• വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകരുടെ നേതൃത്വത്തില്‍ 300 സ്റ്റാളുകള്‍
ചെങ്ങന്നൂര്‍: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തെ ഗ്രാമങ്ങളിലെ ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനം ഇന്ന് (14-08-2018) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ കേരള പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് അധ്യക്ഷത വഹിക്കും. സജി ചെറിയാന് എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തോമസ് ചാണ്ടി എംഎല്‍എ, ആര്. രാജേഷ് എംഎല്‍എ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, സിനിമാ സംവിധായകന് ആഷിഖ് അബു, സിനിമാ താരവും കഥാകൃത്തുമായ രഞ്ജി പണിക്കര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സരസ് മേള സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് സമാപിക്കും.
രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ സരസ് മേളയില്‍ പങ്കെടുക്കുന്നു. 300ഓളം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേശീയ ഭക്ഷ്യമേളയും സരസ് മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. പത്ത് ദിവസവും വിവിധ കലാസാംസ്ക്കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് പ്രശസ്ത മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന മാജിക് ഷോയും നടക്കും. ഓട്ടന്തുള്ളല്, കഥകളി, ചാക്യാര്‍ക്കൂത്ത്, നൃത്തസന്ധ്യ, സ്റ്റേജ് ഷോ, നാടകം, കുടുംബശ്രീ വനിതകളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും പത്ത് ദിനരാത്രങ്ങളിലായി നടക്കുന്ന മേളയ്ക്ക് കൊഴുപ്പേകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നടത്താനിരുന്ന 25000 പേര് അടങ്ങുന്ന ഘോഷയാത്ര മാറ്റിവെച്ചു. അത് നടത്താനായി ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും സ്വാഗത സംഘം ഭാരവാഹികള്‍ പറഞ്ഞു.
ആവേശമേകി മെഗാ തിരുവാതിര
ദേശീയ സരസ് മേളയുടെ പ്രചരണാര്‍ത്ഥം ഇന്നലെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നടന്ന മെഗാ തിരുവാതിരയില്‍ ജില്ലയിലെ തെരഞ്ഞെടുത്ത സി.ഡി.എസ്., അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരം പ്രതിനിധികള്‍ പങ്കെടുത്തു. ഇവരോടൊപ്പം വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികളും മെഗാ തിരുവാതിരയുടെ ഭാഗമായി. നര്‍ത്തകി ശാന്തി ഷാജുവിന്റെ പരിശീലനത്തിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. മെഗാ തിരുവാതിരയുടെ ഉദ്ഘാടനം സ്വാഗത സംഘം ചെയര്മാന് സജി ചെറിയാന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
- 25 views
Content highlight
ദേശീയ സരസ് മേളയുടെ പ്രചരണാര്‍ത്ഥം ഇന്നലെ ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ നടന്ന മെഗാ തിരുവാതിരയില്‍ ജില്ലയിലെ തെരഞ്ഞെടുത്ത സി.ഡി.എസ്., അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരം പ്രതിനിധികള്‍ പങ്കെടുത്തു