എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകളുമായി കുടുംബശ്രീ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

Posted on Thursday, March 6, 2025

കുടുംബശ്രീയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനഘോഷം മാര്‍ച്ച് എട്ടിന് വയനാട് കല്‍പ്പറ്റയില്‍ വിവിധ പരിപാടികളോടെ അരങ്ങേറും. 'എല്ലാ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവകാശങ്ങള്‍ സമത്വം ശാക്തീകരണം' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പ്രിയങ്കാ ഗാന്ധി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ മേഘശ്രീ ഡി. ആര്‍ മുഖ്യ പ്രഭാഷണം നടത്തും. നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍  ജെന്‍ഡര്‍ കണ്‍സള്‍ട്ടന്‍റ് സുപര്‍ണ ആഷ് മുഖ്യാതിഥിയാകും.      

തിരുവനന്തപുരം ജില്ലയിലെ ഹരിതകര്‍മസേനാംഗവും കഥാകൃത്തുമായ ധനൂജ കുമാരി എസ്, ഫോറസ്റ്റ്  ബീറ്റ് ഓഫീസര്‍ റോഷ്നി ജി, എഴുത്തുകാരി ഷീല ടോമി  എന്നിവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നായി ഇരുപത്തഞ്ച് വനിതകളെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ എന്നിവര്‍ ആദരിക്കും. നയിചേത്ന ദേശീയ ക്യാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധങ്ങളുടെ പ്രകാശനം കല്‍പ്പറ്റ നഗരസഭാധ്യക്ഷന്‍ അഡ്വ.ടി.ജെ ഐസക് നിര്‍വഹിക്കും.

കല്‍പ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ട്രെഷറര്‍ എം.വി വിജേഷ്, കല്‍പ്പറ്റ സിഡി.എസ് അധ്യക്ഷ ദീപ എ.വി, കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് എന്നിവര്‍ സംസാരിക്കും. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ നന്ദി പറയും. ഉച്ചയ്ക്ക് ശേഷം 'ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍' എന്ന വിഷയത്തില്‍ സിംപോസിയവും നടക്കും.

Content highlight
international womens day