കന്നിക്കിരീടം മലപ്പുറത്തിന്; പ്രഥമ ‘ബഡ്‌സ് ഒളിമ്പിയ’ കായികമേളയില്‍ ആതിഥേയരുടെ തേരോട്ടം

Posted on Saturday, March 1, 2025

ബൗദ്ധിക വെല്ലുവിളി ബഡ്‌സ്, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വേഗവും ഉയരവും ദൂരവും കണ്ടെത്തിയ പ്രഥമ ബഡ്‌സ് ഒളിമ്പിയ 2025 സംസ്ഥാന കായിക മേളയില്‍ ആതിഥേയരായ മലപ്പുറം ചാമ്പ്യന്മാര്‍. ആദ്യദിനത്തില്‍ മുന്നിലുണ്ടായിരുന്ന ജില്ലകളെയെല്ലാം കാതങ്ങള്‍ പിന്നിലാക്കി 71 പോയിന്റോടെയാണ് മലപ്പുറം മേളയില്‍ വെന്നിക്കൊടി പാറിച്ചത്. രണ്ട് ദിനങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

ജില്ലാതല കായികമേളകളില്‍ വിജയിച്ചെത്തിയ 400 ഓളം കായികതാരങ്ങള്‍ 35 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളിലായാണ് രണ്ട് ദിനങ്ങളില്‍ മത്സരിച്ചത്. 51 പോയിന്റോടെ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനവും 43 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ദിനം നടന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സമാപന സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ബാസ് സി.കെ, അബ്ദുല്‍ കലാം മാസ്റ്റര്‍, പി.കെ. അബ്ദുള്ള കോയ, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറായ അബ്ദുല്‍ ലത്തീഫ് പി.സി, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സനീറ.ഇ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത്.സി, സല്‍മത്ത്. പി.ഇ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍. പി.രാജന്‍ നന്ദിയും പറഞ്ഞു.

വ്യക്തിഗത ചാമ്പ്യന്മാര്‍:

സബ് ജൂനിയര്‍ ബോയ്‌സ്
മുഹമ്മദ് റാസില്‍ (കാളികാവ് ബി.ആര്‍.സി മലപ്പുറം)
സബ് ജൂനിയര്‍ ഗേള്‍സ്
റോഷ്‌നി പി. റെജോ (നാറാണംമൂഴി ബഡ്‌സ് സ്‌കൂള്‍ പത്തനംതിട്ട)

ജൂനിയര്‍ ബോയ്‌സ്
അഭിഷേക് കെ. കുമാര്‍ (കുമളി പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂള്‍, ഇടുക്കി)
ജൂനിയര്‍ ഗേള്‍സ്
അമൃത ആര്‍.ഡി (കൊടുമണ്‍ ബി.ആര്‍.സി പത്തനംതിട്ട)

സീനിയര്‍ ബോയ്‌സ്
മുഹമ്മദ് ഫാസില്‍ (ഊര്‍ങ്ങാട്ടിരി ബി.ആര്‍.സി മലപ്പുറം)
സീനിയര്‍ ഗേള്‍സ്
അതുല്യ വിനോദ് (പള്ളിച്ചല്‍ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം).

 

kjj

 

Content highlight
buds olympia 2025; Malappuram cinched the title