സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാന്‍ എഴുത്തുകാരന് കഴിയണം:കെ.സച്ചിദാനന്ദന്‍- കുടുംബശ്രീ സര്‍ഗ്ഗം 2025 സാഹിത്യശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Friday, February 28, 2025
സ്വന്തം അനുഭവങ്ങള്‍ മാത്രമല്ല, സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാനും എഴുത്തുകാരന് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍.  കേരള സാഹിത്യ അക്കാദമിയും കിലയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്കായി  സംഘടിപ്പിക്കുന്ന 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ ലോകത്തെ അറിയാന്‍ ബാധ്യസ്ഥരാണ്. തന്‍റെ ഉള്ളിലേക്കും അനുഭവങ്ങളുടെ സങ്കീര്‍ണതകളിലേക്കും തിരിഞ്ഞു നോക്കാന്‍ സാഹിത്യം എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു. എഴുതാനാവശ്യമായ പരിശീലനങ്ങള്‍ ജീവിതത്തില്‍ ഉടനീളം ഉണ്ടാകണം. സാഹിത്യത്തിനൊപ്പം മറ്റു കലാരൂപങ്ങളെയും ഉള്‍ക്കൊള്ളണം. എഴുത്തുകാര്‍ എല്ലാത്തരം അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അതീതമായി സ്വപ്നം കാണാന്‍ കഴിയുന്നവരാകണമന്നും സാഹിത്യമേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകള്‍ ഈ രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു ആമുഖ പ്രഭാഷണം നടത്തി.   ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ പ്രസാദ് കെ.കെ നന്ദി പറഞ്ഞു. എഴുത്തുകാരി കെ. എ ബീന, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.യു സലില്‍ എന്നിവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ സെഷനുകളില്‍ കെ.എ ബീന, ഡോ. കെ.എം അനില്‍, സംഗീത ചേനംപുല്ലി, രാഹേഷ് മുതുമല, ഡോ.മിനി പ്രസാദ്, വര്‍ഗീസാന്‍റണി എന്നിവര്‍ വിഷയാവതരണം നടത്തി. ശില്‍പശാല നാളെ സമാപിക്കും.
 
jjj
 

 

Content highlight
sargam2025 1