അവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ആഘോഷമൊരുക്കി കുടുംബശ്രീ ജെന്‍ഡര്‍ കാര്‍ണിവലിന് സമാപനം

Posted on Tuesday, December 24, 2024

അവകാശ സ്വാതന്ത്ര്യത്തിന്‍റെ പെണ്‍പോരാട്ടങ്ങള്‍ക്ക് പുതിയ മുഖവും കരുത്തും പകര്‍ന്നു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് നിറപ്പകിട്ടാര്‍ന്ന സമാപനം. 'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്ന തലക്കെട്ടില്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'നയിചേത്ന 3.0 ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ജെന്‍ഡര്‍ കാര്‍ണിവല്‍.  അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാനും പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും നിര്‍ഭയം മുന്നോട്ടു വരുന്ന സ്ത്രീകളുടെ പുതിയകാല ദൃശ്യം സമ്മാനിച്ചു കൊണ്ടാണ് കുടുംബശ്രീയുടെ കീഴില്‍ 1070 സി.ഡി.എസുകളിലും സംഘടിപ്പിച്ച ജെന്‍ഡര്‍ കാര്‍ണിവലിന് പരിസമാപ്തിയായത്. ദേശീയതലത്തില്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷനാണ് നയിചേത്ന 3.0 ക്യാമ്പയിന്‍റെ നേതൃത്വം.

നവംബര്‍ 23 ന് തുടക്കമിട്ട ക്യാമ്പയിനില്‍ പ്രത്യേകം തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്, ജില്ലാതലത്തില്‍ കഴിഞ്ഞ നാല് ആഴ്ചകളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് കുടുംബശ്രീ സംഘടിപ്പിച്ചത്. ലിംഗാവബോധം നിയമബോധം എന്നിവ ഉള്‍പ്പെടെ കുടുംബശ്രീ അംഗങ്ങളുടെ ബൗദ്ധിക വികാസത്തിന് വഴിയൊരുക്കുന്ന പരിപാടികളായിരുന്നു ഇവയില്‍ ഏറെയും. ജെന്‍ഡര്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഇന്നലെ (23-12-2024) 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തെ അധികരിച്ച് വിവിധ വകുപ്പുകള്‍ക്കൊപ്പം പൊതുജന പങ്കാളിത്തം കൂടി ഉറപ്പു വരുത്തി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഏറെ ശ്രദ്ധ നേടി. ജെന്‍ഡര്‍ ക്വിസ്, സംവാദം, ലിംഗതുല്യതയ്ക്കായി പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള, രംഗശ്രീ തെരുവു നാടകം തുടങ്ങിയ പരിപാടികളും കാര്‍ണിവലിനോടനുബന്ധിച്ച് അരങ്ങേറി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്ത് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. സമാനരീതിയില്‍ ഇക്കുറിയും കേരളത്തില്‍ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതില്‍ കുടുംബശ്രീക്കായിട്ടുണ്ട്. ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം വനിതകളുടെ പങ്കാളിത്തം ഇതില്‍ നിര്‍ണായകമായി.

Content highlight
gender carnival concludes