സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ലോകത്തിന് മാതൃകയായ കുടുംബശ്രീക്ക് വീണ്ടും അഭിമാന നേട്ടം. മാതൃകാപരമായ പ്രവര്‍ത്തനമികവിന് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി.ഡി.എസിന് ഇന്റര്‍ നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേഷന്(ഐ.എസ്.ഓ) സര്ട്ടിഫിക്കേഷന് അംഗീകാരം ലഭിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീയുടെ കീഴില്‍ ഒരു സി.ഡി.എസിന് പ്രവര്‍ത്തന സേവന മികവിന്റെ അടിസ്ഥാനത്തില്‍ ഈ അംഗീകാരം ലഭിക്കുന്നത്. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലാ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം. മൂന്നു വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്റെ കാലാവധി.
സി.ഡി.എസ് അധ്യക്ഷ നിഷാ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സി.ഡി.എസ്ഭരണ സമിതിയുടെ കഴിഞ്ഞ ആറു മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് വെങ്ങപ്പള്ളി സി.ഡി.എസിന് ലഭിച്ച അംഗീകാരം. പൗരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. ഫയലുകളുടെ വിനിയോഗം, സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെ സൂക്ഷിപ്പിലെയും കൃത്യത, അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, കൃത്യമായ അക്കൗണ്ടിങ്ങ് സിസ്റ്റം, കാര്യക്ഷമത എന്നിവ ഉള്‍പ്പെടെ മികവുറ്റ രീതിയില്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനമാണ് സി.ഡി.എസ് നടത്തിയത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും മൂന്നു മിനുട്ടില്‍ ലഭ്യമാക്കുന്ന വിധം ഓഫീസ് സംവിധാനം മെച്ചപ്പെടുത്താനും സി.ഡി.എസിന് സാധിച്ചു. കൂടാതെ അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് ആറുമാസം കൂടുമ്പോള്‍ ഇന്റേണല്‍ ഓഡിറ്റും നടത്തുന്നു.
ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സി.ഡി.എസ് ഓഫീസിലെ ഫയലുകളുടെ ക്രമീകരണം, സി.ഡി.എസിന്റെ ഗുണമേന്മാ നയം രൂപീകരണം, പൊതുജനാഭിപ്രായ രൂപീകരണം എന്നിവ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായി. നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഫയല്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കിലയുടെ സഹകരണവും ലഭിച്ചു. കൂടാതെ കിലയുടെ പിന്തുണയോടെ സി.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുസ്തകവും തയ്യാറാക്കി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പൂര്‍ണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി. സമാന രീതിയില്‍ ജില്ലയിലെ മാതൃകാ സി.ഡി.എസുകള്‍ക്കും ഐ.എസ്.ഓ സര്ട്ടിഫിക്കേഷന് നേടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
സ്ഥാപനത്തില്‍ ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതു വഴി സി.ഡി.എസ് സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായരീതിയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഐ.എസ്.ഓ 9001-2015 സംവിധാനം വഴി ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം സി.ഡി.എസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും സി.ഡി.എസിന്റെ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
- 36 views