ജല്‍ ദീവാലി: 18 നഗരസഭകളില്‍ ജല ക്യാമ്പെയ്ന്‍ ആരംഭിച്ചു

Posted on Tuesday, November 7, 2023

അമൃത് പദ്ധതിയെ കുറിച്ചും ജലശുദ്ധീകരണ ശാലകളിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടു നടപ്പാക്കുന്ന 'ജല്‍ ദീവാലി' ക്യാമ്പെയ്ന് സംസ്ഥാനത്തെ പതിനെട്ടു നഗരസഭകളില്‍ തുടക്കം. സ്ത്രീകള്‍ക്കായി ജലം, ജലത്തിനായി സ്ത്രീകളും എന്നതാണ് ക്യാമ്പെയ്ന്‍റെ ടാഗ്ലൈന്‍. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യ (എന്‍.യു.എല്‍.എം)ത്തിന്‍റെയും അമൃത് മിഷന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.  ജലത്തിന്‍റെ പ്രാധാന്യവും ജലസംരക്ഷണത്തിന്‍റെ അവശ്യകതയും സംബന്ധിച്ച അവബോധം കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്‍റെ ഭാഗമായാണ് ക്യാമ്പെയ്ന്‍.

ക്യാമ്പെയ്ന്‍റെ ഭാഗമായി പതിനെട്ട് നഗരസഭകളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ഇന്നലെ(7-11-2023) മുതല്‍ സംസ്ഥാനത്തെ ജല ശുദ്ധീകരണ ശാലകളില്‍ സന്ദര്‍ശനം തുടങ്ങി. ആകെ 938 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.  30 മുതല്‍ 40 പേരടങ്ങുന്ന സംഘമായി  36 ജലശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കുന്നതിനാണ് തീരുമാനം. അമൃത് പദ്ധതിയെ കുറിച്ചും ശുദ്ധീകരണ ശാലകളിലെ ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.


ജല ക്യാമ്പെയ്ന്‍ നടത്തുന്നതു വഴി കുടുംബശ്രീ സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്കും മെച്ചമുണ്ട്. ജലശുദ്ധീകരണശാലകളില്‍ സന്ദര്‍ശനം നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാവശ്യമായ തുണിസഞ്ചി, ഭക്ഷണം എന്നിവ കുടുംബശ്രീയുടെ തന്നെ യൂണിറ്റുകളാണ് തയ്യാറാക്കി നല്‍കുന്നത്. ക്യാമ്പെയ്ന്‍ ഒമ്പതിന് അവസാനിക്കും.

Content highlight
Jal Diwali -"Women for Water, Water for Women" Campaign to be held from 7-9 November 2023