കേരള സമൂഹത്തിൽ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി ജെൻഡർ മേഖലയിൽ ഉൾപ്പെടെ കുടുംബശ്രീ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങൾ അവർ കണ്ടറിഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ നടത്തിവരുന്ന ദേശീയ ത്രിദിന ശില്പശാലയ്ക്കായി 19 സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമെത്തിയ എഴുപതോളം പ്രതിനിധികളാണ് ഈ പഠന സന്ദർശനം നടത്തിയത്.
ഇവർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ നടത്തറ, അതിരപ്പിള്ളി, പാണഞ്ചേരി പഞ്ചായത്തുകൾ സന്ദർശിച്ചു. മധ്യപ്രദേശ്, ഝാർഖണ്ഡ്, ഗുജറാത്ത്, കർണ്ണാടക, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ നടത്തറയിലും അസാം, മേഘാലയ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ബീഹാർ എന്നിവിടങ്ങളിലെ പ്രതിനിധികൾ അതിരപ്പിള്ളിയിലും സന്ദർശനം നടത്തി. പാണഞ്ചേരിയിൽ എത്തിയത് അരുണാചൽ പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, മിസോറാം, ത്രിപുര, ആന്ധ്ര, മണിപ്പൂർ... തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, ജെൻഡർ റിസോഴ്സ് സെന്ററുകൾ, വിജിലന്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ ഇവർ വിശദമായി മനസിലാക്കി. പഞ്ചായത്ത്, സി.ഡി.എസ് ഭരണസമിതി അംഗങ്ങളുമായും ഇവർ സംവദിച്ചു. ശില്പശാലയുടെ ഭാഗമായ വിവിധ എൻ.ജി.ഒ പ്രതിനിധികളും എൻ.ആർ.എൽ.എം ദേശീയ ഭാരവാഹികളും കുടുംബശ്രീ പ്രതിനിധികളും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
സ്ത്രീപക്ഷ നവകേരളം പരിപാടിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി കാലജാഥയുടെ അവതരണവും ഇവർ കണ്ടു.
'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലുള്ള ദേശീയ ശില്പശാല 15നാണ് തൃശ്ശൂരിൽ ആരംഭിച്ചത്. എൻ.ആർ,എൽ.എം - ന്റെ ഭാഗമായി നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുകയും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാല 17ന് അവസാനിക്കും.
- 176 views