ലോക്കല്‍ എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് പ്രോഗ്രാം (ലീപ്)

Posted on Saturday, August 22, 2020

2020-21 സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായ ലോക്കല്‍ എംപ്ലോയ്മെന്റ് അഷ്വറന്‍സ് പ്രോഗ്രാം അഥവാ ലീപ് ന് വേണ്ടി കുടുംബശ്രീയുടെ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രാദേശികമായി എല്ലാ പഞ്ചായത്തിലും കുറഞ്ഞത് അഞ്ച് പേര്‍ക്ക് വീതം ജോലി നല്‍കുകയെന്ന ലക്ഷ്യമാണ് ലീപ് പദ്ധതിക്കുള്ളത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ പദ്ധതിയില്‍ കുടുംബശ്രീയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാനുണ്ടെന്നതിനാലാണ് കുടുംബശ്രീ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഗുണഭോക്താക്കളെ കണ്ടെത്തി കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ മുഖേന കുറഞ്ഞത് 40,000 കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നൈപുണ്യ പരിശീലനം നല്‍കുക, ഉത്പാദന- സേവന മേഖലകളില്‍ പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക, ഈ സംരംഭകര്‍ക്ക് കുറഞ്ഞത് 10,000 രൂപ മാസവരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന കൈവരിക്കാന്‍ ശ്രമിക്കുന്നത്.

  കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ്  പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു. ഈ വിവരങ്ങള്‍ അപഗ്രഥിച്ച ശേഷം കുടുംബശ്രീ, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ വ്യത്യസ്തമായ ഉപജീവന പദ്ധതികളും നൈപുണ്യ പരിശീലന പദ്ധതികളും അടിസ്ഥാനമാക്കി ദ്വിദിന പൊതുഅവബോധ പരിശീലനം നല്‍കുന്നു. എറൈസ്, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ), കാര്‍ഷിക വിഭാഗം എന്നിങ്ങനെ വേതനാധിഷ്ഠിത തൊഴില്‍ നേടാനോ സംരംഭങ്ങള്‍ ആരംഭിക്കാനോ സഹായിക്കുന്ന കുടുംബശ്രീയുടെ വിവിധ പദ്ധതികളെ ഈ പരിശീലന വേളയില്‍ പരിചയപ്പെടുത്തുന്നു. പ്രാദേശികമായും അതാത് ജില്ലകളിലും ആരംഭിക്കാനാകുന്ന ഉപജീവനമാര്‍ഗ്ഗങ്ങളെക്കുറിച്ചും അതില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചുമെല്ലാമുള്ള ധാരണയും ഇതുവഴി ഇവര്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുത്ത പരിശീലന ഏജന്‍സികള്‍ മുഖേന ഇവര്‍ക്ക് സംരംഭരൂപീകരണത്തിനുള്‍പ്പെടെ നൈപുണ്യ പരിശീലനവും നല്‍കുന്നു. താത്പര്യമുള്ളവരെ ചേര്‍ത്ത് സംരംഭ രൂപീകരണം നടത്തും. നിലവിലുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നിരന്തര പിന്തുണാസഹായങ്ങള്‍ നല്‍കി അവരുടെ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള സംവിധാനവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കും. സാമ്പത്തിക സഹായവും നൂതന സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതും സംരംഭകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതുമുള്‍പ്പെടെയുള്ള സഹായങ്ങളാണ് ഈ പിന്തുണാ സംവിധാനം മുഖേന ലഭ്യമാക്കുന്നത്.  

  ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ പൊതുഅവബോധ പരിശീലനം നല്‍കാനും ഡിസംബര്‍ മാസത്തോടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പിന്നീട് സംരംഭ രൂപീകരണം, അല്ലെങ്കില്‍ മറ്റ് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം എന്നിവ നടത്തും. നിലവില്‍ കേരളത്തില്‍ 26,000ത്തിലേറെ സൂക്ഷ്മ സംരംഭങ്ങളാണുള്ളത്. ഇതുമുഖേന ഒരു ലക്ഷത്തോളം അയല്‍ക്കൂട്ടാംഗങ്ങള്‍ ഇപ്പോള്‍ ഉപജീവനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭ വിഭാഗത്തിന്റെ ഭാഗമായി ലീപ്  നടപ്പിലാക്കുന്നതോടെ കുറഞ്ഞത് 5000 സംരംഭങ്ങള്‍ കൂടി രൂപീകരിക്കാനും അതുവഴി 10,000ത്തോളം പേര്‍ക്കെങ്കിലും പുതുതായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിനല്‍കാനാകുമെന്നുമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.

 

Content highlight
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ലീപ് പരിശീലനത്തിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി സിഡിഎസ് മുഖേന അയല്‍ക്കൂട്ടതലത്തില്‍ നിന്ന് ഓണ്‍ലൈന്‍ വിവരശേഖരണം നടത്തുന്നു.