പ്രധാനമായും ജില്ലയിലെ അരക്ഷിത സമൂഹത്തിനിടയിൽ കൊറോണ വ്യാപനത്തെപ്പറ്റി അവബോധം സൃഷ്ടിച്ച് പ്രവർത്തിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ. പൊതുസമൂഹത്തെക്കാൾ അരക്ഷിത സമൂഹത്തിനിടയിൽ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ എത്തിക്കേണ്ടതും അവബോധം സൃഷ്ടിക്കേണ്ടതും അത്യാവശ്യം ആണെന്ന തിരിച്ചറിവിലും, അവർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കേണ്ടതും സഹായങ്ങൾ എത്തിക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്വം ആണെന്നു തിരിച്ചറിഞ്ഞുമാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ ഇത്തരം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു സേവനങ്ങൾ ഉറപ്പാക്കുന്നതിന് പുറമെയാണ് ഈ പ്രവർത്തനങ്ങൾ ജില്ലാ മിഷൻ ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലെ സ്നേഹിത ഹെല്പ് ഡെസ്കിലെ സ്റ്റാഫിന്റെ നേതൃത്വത്തിൽ ആണ് ഇത്തരത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.
രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ, ജില്ലയിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് പദ്ധതിയുടെ ഗുണഭോക്താക്കൾ , കാളിങ് ബെൽ പദ്ധതിയുടെ ഗുണഭോക്താക്കൾ, വയോജനങ്ങൾ, ഒറ്റപ്പെട്ടു താമസിക്കുന്നവർ എന്നീ ജനവിഭാഗങ്ങൾക്കിടയിൽ കൊറോണ രോഗ വ്യാപനത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിലും ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നല്കുന്നതിലുമാണ് പാലക്കാട് ജില്ലാ മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ ഇടവേളകളിൽ സ്നേഹിതാ ജൻഡർ ഹെല്പ് ഡെസ്കിലെ സ്റ്റാഫ് ഇവരെ വിളിച്ച് മാർഗനിർദേശങ്ങൾ നൽകുകയും അവരുടെ ആരോഗ്യവും ഭക്ഷ്യ സുരക്ഷാ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുകയും ചെയുന്നു.
ലോക്ക് ഡൌൺ നിലവിൽ വന്നതോടെ ജില്ലയിലെ കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങൾ അടച്ചിരുന്നു. ഈ അവസരത്തിൽ , ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളായ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി ഇവർക്ക് മാനസിക പിന്തുണ ഉറപ്പാകുയാണ് ജില്ലയിലെ സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിലെ ഉദ്യോഗസ്ഥർ. ചിറ്റൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന ആന്റി ഹ്യൂമൻ ട്രാഫിക്കിങ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആയ വിധവകൾക്കും കുട്ടികൾക്കും അടക്കം കൗസിലിംഗ് സേവനങ്ങൾ നൽകുകയും അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് കൊടുക്കുന്നതിലും ജില്ലാ മിഷൻ നേതൃത്വം നൽകുന്നുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പഞ്ചായത്തിലും ഒറ്റപെട്ടു താമസിക്കുന്നവർ, മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ, വയോജനങ്ങൾ, ഏതെങ്കിലും തരത്തിലുള്ള ചതികൾക്ക് ഇരയാക്കപ്പെട്ടവർ എന്നിവരുടെ മേൽനോട്ടം അതാത് സിഡിഎസ്സുകളുടെ സഹകരണത്തോടെ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ. കൊറോണ എന്ന മഹാമാരിയെ ചെറുത്ത് തോല്പിക്കുമ്പോൾ തന്നെ, ജില്ലയിലെ അരക്ഷിത സമൂഹത്തിനെ ഒപ്പം ചേർത്ത് പിടിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ.
- 44 views