തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതരെ സഹായിക്കുന്നതിനായി 43 ലക്ഷം അയല്‍ക്കൂട്ട സഹോദരിമാരുടെ അകമഴിഞ്ഞ കാരുണ്യം. ഇവരില്‍ നിന്നും സ്വരൂപിച്ച 4.18 കോടി രൂപ കൂടി ഇന്ന് (31-10-2018) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടാതെയാണ് ഇന്ന് 4.18 കോടി രൂപയുടെ ചെക്ക് കൈമാറിയത്. ഇതോടെ ആകെ 11.18 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രകൃതിക്ഷോഭത്തില്‍ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 43 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനായി ഒരാഴ്ച കാലത്തെ ലഘുസമ്പാദ്യം നല്കാന് അപേക്ഷിച്ചത്. പ്രളയദുരന്തം ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട അംഗങ്ങളും തങ്ങളുടെ വ്യക്തിപരമായ പ്രയാസങ്ങള്‍ മാറ്റി വച്ചുകൊണ്ടാണ് ലഘുസമ്പാദ്യം നല്‍കിയത്. ഒരാഴ്ചയിലെ സമ്പാദ്യവും അതില്‍ കൂടുതലും നല്‍കിയവരുമുണ്ട്. ഇങ്ങനെ സംസ്ഥാനത്തെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ശേഖരിച്ച മുഴുവന്‍ തുകയും സി.ഡി.എസ് മുഖേന ജില്ലാമിഷനില്‍ ഏല്‍പ്പിച്ചു. ഈ തുക പിന്നീട് സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് ആദ്യഘട്ടമായി ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ കൂടാതെ മൂവായിരം റിസോഴ്സ് പേഴ്സണ്‍മാര്‍, പരിശീലന ഗ്രൂപ്പുകളിലെ 300 അംഗങ്ങള്‍, 1065 സി.ഡി.എസ് ചെയര്പേഴ്സണ്മാര്, 1065 അക്കൗണ്ടന്റ്മാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഉറപ്പാക്കിയിരുന്നു. ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനീഷ് കുമാര്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ദേവി ബാലകൃഷ്ണന്, സംസ്ഥാനത്തെ 1065 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ ചെയര്‍പേഴ്സണ്‍മാരായ ചിത്ര ഷാജി, ഷൈന.എ, ബീന. പി, പ്രസന്ന കുമാരി, ലൂസി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4.18 കോടി രൂപയുടെ ചെക്ക് കൈമാറുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് സമീപം
- 91 views