നവകേരള തദ്ദേശകം - 2022 കണ്ണൂർ ജില്ലാതല അവലോകന യോഗത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിച്ചു. ജനങ്ങളെ ഭരിക്കുകയല്ല അവർ ആഗ്രഹിക്കുന്ന രീതിയിൽ സേവിക്കുകയാണ് പ്രാദേശിക സർക്കാരുകളുടെ ലക്ഷ്യം. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. പ്രാദേശിക ഗവൺമെന്റിൻ്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂർണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണം.
പാവപ്പെട്ടർക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകൾ ഉൾപ്പെടെ യുവതി - യുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർത്ഥ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം. ഭൂരഹിതരും ഭവനരഹിതരായവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണം.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ വിവിധ പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതുമായും ഫലപ്രദമായി നടപ്പാക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. ലൈഫ് മിഷൻ്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പെരിങ്ങോം സ്വദേശി കെ വി മാധവൻ 30 സെൻ്റ് സ്ഥലം നൽകുന്നതിൻ്റെ അനുമതിപത്രം കൈമാറി. ജില്ലയിൽ നടത്തിയ അതിദാരിദ്ര്യ സർവെ റിപ്പോർട്ടും ചടങ്ങിൽ കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി ഒ മോഹനൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ എക്സിക്യുട്ടിവ് അംഗം പി മുകുന്ദൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് എം ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് പി പി ഷാജിർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ചീഫ് എഞ്ചിനീയർ കെ ജോൺസൺ, അഡീഷണൽ ഡെവലപ്മെൻ്റ് കമ്മീഷണർ വി എസ് സന്തോഷ് കുമാർ, വികസന ജോയിൻ്റ് ഡയറക്ടർ ജ്യോത്സ്ന മോൾ, ഉത്തരമേഖല റീജിയണൽ ജോയിൻ്റ് ഡയറക്ടർ ഡി സാജു, ടൗൺ പ്ലാനർ ടി കെ ഗിരീഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവി ഇൻ ചാർജ് ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.
- 3460 views