Central sanction for projects worth 112.5 crore for Kudumbashree

Posted on Thursday, April 12, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 112.5 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. മുന്‍വര്‍ഷങ്ങളില്‍ കുടുംബശ്രീ നടപ്പാക്കിയ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വ്യാപ്തിയും വിലയിരുത്തിയ ശേഷമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 112.5 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ നാല്‍പത് ശതമാനം സംസ്ഥാന വിഹിതമാണ്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ തൊഴില്‍ദായക പദ്ധതികള്‍ക്കും സംഘടനാസംവിധാനം, മൈക്രോഫിനാന്‍സ് എന്നിവ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പരിശീലന പരിപാടികള്‍ക്കും മറ്റ് നൂതന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതു വഴി സാധിക്കും.

   ഇതു പ്രകാരം  അയല്‍ക്കൂട്ട വനിതകളായ സംരംഭകര്‍ക്ക് പരിശീലനങ്ങള്‍, ലഘു വായ്പകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജിന്‍റെ പലിശ സബ്സിഡി എന്നിവ നല്‍കുന്നതിന് പദ്ധതി തുക വിനിയോഗിക്കാനാകും. ഇതോടൊപ്പം സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കഴിയും. കൂടാതെ സംഘകൃഷി ഗ്രൂപ്പ് അംഗങ്ങള്‍, കേരള ചിക്കന്‍ സംരംഭകര്‍ എന്നിവര്‍ക്കുള്ള വായ്പകളും ആവശ്യാനുസരണം നല്‍കാന്‍ കഴിയും. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലയിലെ സാമൂഹിക വികസനം സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് څഭാരവാഹികള്‍, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം തുടങ്ങിയ പരിപാടികളും പദ്ധതി തുക ഉപയോഗിച്ച് നിര്‍വഹിക്കാന്‍ കഴിയും.

   ഉപജീവന വികസനം ലക്ഷ്യമിട്ട്  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 172 തൊഴില്‍ പരിശീലന ഏജന്‍സികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 2016-17ല്‍ 5100 ഓളം പേര്‍ക്ക് തൊഴില്‍ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി നിരവധി അയല്‍ക്കൂട്ട വനിതകള്‍ക്ക് കഴിഞ്ഞവര്‍ഷം മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 8352 അയല്‍ക്കൂട്ടങ്ങള്‍ക്ക് പലിശ സബ്സിഡി ഇനത്തില്‍ 1.33 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ഏഴു കോടി രൂപ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 15 കോടി രൂപ നല്‍കുന്നതിനായി 10000 അയല്‍ക്കൂട്ടങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ തുകയും ഉടന്‍ വിതരണം ചെയ്യും. കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടതലത്തില്‍ കുടുംബശ്രീ സ്കൂള്‍ പദ്ധതിയും നടപ്പാക്കിയിരുന്നു. സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് സി.ഡി.എസുകള്‍ക്ക് ഇരുപതു കോടി രൂപ വിതരണം ചെയ്തിരുന്നു.

   സംസ്ഥാനത്ത് 1012 ഓളം സംരംഭകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിരുന്നു.     സാമൂഹ്യ വികസനം ഉറപ്പാക്കുന്നതിന്‍റെ څഭാഗമായി ആദിവാസി മേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇതിന്‍റെ څഭാഗമായി രൂപീകരിച്ചിട്ടുള്ള അട്ടപ്പാടി പ്രത്യേക പദ്ധതി വഴി ആദിവാസികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച്   അട്ടപ്പാടിയിലെ പഞ്ചായത്ത് ബ്ലോക്ക് സമിതികള്‍ ശക്തിപ്പെടുത്തുകയും അതോടൊപ്പം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കൂടാതെ പദ്ധതി തുക ലഭിക്കുന്നതനുസരിച്ച് നിലവില്‍ തിരുനെല്ലി, ആറളം ഫാം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ അട്ടപ്പാടി മാതൃകയില്‍ നടപ്പാക്കി വരുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും കഴിയും.