പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു

Posted on Wednesday, January 10, 2018
pathanamthitta-egovnews

പത്തനംതിട്ട ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകള്‍ സദ്ഭരണ പഞ്ചായത്തുകളാകുന്നു ഒപ്പം എല്ലാ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, യോഗനടപടികള്‍, നികുതി പിരിവ് എന്നിവ ഓണ്‍ലൈനായി. പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ ജനസൗഹൃദ-സേവനപ്രദാന സമുച്ചയങ്ങളായി മാറുകയാണ്. പൗരന് അര്‍ഹമായ സേവനങ്ങളുടെ സമയബന്ധിതവും നിയമവിധേയവുമായ ലഭ്യത ഉറപ്പുവരുത്തുന്നതിനായി, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ഏകമനസ്സോടെ സജ്ജരായ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ, കോയിപ്രം, ഇരവിപേരൂര്‍, സീതത്തോട്, തുമ്പമണ്‍ മൈലപ്ര, പെരിങ്ങര, വള്ളിക്കോട്, ആനിക്കാട്, വെച്ചൂച്ചിറ, ആറന്മുള, മെഴുവേലി, ചിറ്റാര്‍, കല്ലൂപ്പാറ, ഓമല്ലൂര്‍, തോട്ടപ്പുഴശ്ശേരി, ചെന്നീര്‍ക്കര എന്നീ പഞ്ചായത്തുകളെ സദ്ഭരണ പഞ്ചായത്തുകളായി ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.റ്റി.ജലീല്‍ അവര്‍കള്‍ 2017 നവംബര്‍ മാസം 24 ന് പത്തനംതിട്ട, കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഭരണ സമിതി യോഗ നടപടക്രമങ്ങള്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്റെയും, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് സങ്കേതം സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടപ്പിലാക്കിയതിന്റെയും പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അന്നപൂര്‍ണ്ണദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബഹു. പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി. മേരിക്കുട്ടി,ഐ.എ.എസ്, ബഹു. നഗരകാര്യ ഡയറക്ടര്‍ ശ്രീമതി. ഹരിത.വി.കുമാര്‍, ഐ.എ.എസ്, ബഹു. ഗ്രാമവികസന കമ്മീഷണ്‍ ശ്രീ.കെ.രാമചന്ദ്രന്‍.ഐ.എ.എസ്, ബഹു. ജില്ലാ കളക്ടര്‍ ശ്രീമതി. ഗിരിജ.ഐ.എ.എസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ.മുരളീധരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ശ്രീ.സി.പി.സുനില്‍, പത്തനംതിട്ട ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഐ.കെ.എം ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ തുടങ്ങയിവര്‍ പങ്കെടുത്തു. ബഹു.ജില്ലാ കളക്ടറും പത്തനംതിട്ട പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷനും പഞ്ചായത്തുകളെ ജനസൗഹൃദ പഞ്ചായത്തുകളാക്കുന്നതിനും, ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നതിനും ആവശ്യമായ സഹകരണവും മാര്‍ഗ്ഗ് നിര്‍ദ്ദേശങ്ങളും നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും എല്ലാ സേവനങ്ങളും, പ്രവര്‍ത്തനങ്ങളും കൈവിരല്‍ത്തുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇ-ഗവേണന്‍സ് സംവിധാനം എര്‍പ്പെടുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പ്പന ചെയ്ത സഞ്ചയ സോഫ്പ്റ്റ് വെയര്‍ മുഖേന വസ്തു നികുതി ഇ-പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തുകയും, സകര്‍മ്മ സോഫ്റ്റ് വെയര്‍ മുഖേന പഞ്ചായത്ത് യോഗനടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും, സങ്കേതം സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന-മരണ വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കലും, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കൂടാതെ കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രങ്ങള്‍ നികുതി യഥാസമയം അടച്ചിട്ടുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈനില്‍ ലഭ്യമാണ്.