സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി ഭരണ സേവന രംഗങ്ങളിൽ ഇ-ഗവേണൻസിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്തുന്നതിന് പഞ്ചായത്ത് വകുപ്പ് തനതായ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. സേവന പ്രധാനം പൗരകേന്ദ്രീകൃതമാക്കുന്നതിനുള്ള ഫലവത്തായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജനന-മരണ-വിവാഹ രജിസ്ട്രേഷനും, സാമൂഹ്യ സുരക്ഷാ പെൻഷൻ സംബന്ധിച്ച വിവരങ്ങളും ഓൺലൈനിൽ ലഭ്യമാണ്. കെട്ടിട ഉമസ്ഥാവകാശ സാക്ഷ്യപത്രം, നികുതി അടവിനുള്ള സൗകര്യം, പദ്ധതികളുടെ വിവിധ വിവരങ്ങൾ തുടങ്ങിയവയും ഓൺലൈനിൽ ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് പ്രവർത്തനങ്ങൾക്ക് കാസര്‍ഗോഡ് ജില്ല എന്നും പതാക വാഹകരായിട്ടുണ്ട്. മാന്വൽ അക്കൌണ്ടിംഗ് സംവിധാനത്തിൽ നിന്നും സാംഖ്യ ഡിജിറ്റൽ സംവിധാനത്തിലേക്ക് കേരളത്തിൽ ആദ്യം മാറിയത് കാസര്‍ഗോഡ് ജില്ലയാണ്. യോഗ നടത്തിപ്പിനുള്ള സകർമ്മ, കെട്ടിട നിർമ്മാണ പെർമിറ്റുകൾക്ക് വേണ്ടിയുള്ള സങ്കേതം എന്നീ അപ്ലിക്കേഷനുകൾ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ആദ്യം ഏർപ്പാടാക്കിയത് കാസറഗോഡ് ജില്ലയാണ്. സകർമ്മ സംസ്ഥാനത്ത് തന്നെ ഏറ്റവും ആദ്യം തുടങ്ങിയതും കാസര്‍ഗോഡ് ജില്ലയിലാണ്.
ഇതിന്റെ തുടർച്ചയായി ഇൻഫർമേഷൻ കേരള മിഷൻ പഞ്ചായത്ത് വകുപ്പിന്റെ ഡൊമൈൻ സപ്പോർട്ടോടു കൂടി സൂചിക എന്ന പേരിൽ തയ്യാറാക്കിയ വെബ് അപ്ലിക്കേഷൻ 2018 ഫെബ്രുവരി 5 മുതൽ കാസര്‍ഗോഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ട്രയൽ റൺ നടത്തുകയും മാർച്ച് 1 മുതൽ ഓഫീസ് പൂർണ്ണമായും (പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം അടക്കം) ഇലക്ട്രോണിക് ഫയൽ മാനേജ് മെന്റിലേക്ക് മാറുകയും ചെയ്തു. ലഭിക്കുന്ന എല്ലാ കത്തുകളും സ്വീകരിക്കുന്നതിനും രസീത് നൽകുന്നതിനുമായി ഫ്രണ്ട് ഓഫീസ് സംവിധാനം നേരത്തെ തന്നെ ഓഫീസിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സൂചിക ഉപയോഗിച്ച് തുടങ്ങിയതോടെ ഏത് ഫയലിന്റെ സ്റ്റാറ്റസും ഏതൊരാൾക്കും വെബ് സൈറ്റിൽ ട്രാക്ക് ചെയ്യാവുന്നതാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും പഞ്ചായത്ത് വകുപ്പിലെയും എല്ലാ സേവനങ്ങളും പ്രവർത്തനങ്ങളും കൈവിരൽ തുമ്പിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇ-ഗവേണൻസ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.
ഈ സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം പേപ്പർലെസ്സ് ഇലക്ട്രോണിക് ഓഫീസായി പ്രഖ്യാപിച്ചു .
- 774 views