The time limit for mustering of social security pensioners is extended upto 22.7.2020
ക്ഷേമ നിധി ബോർഡ് /സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -മസ്റ്ററിംഗ് സമയം 22.7.2020 വരെ ദീർഘിപ്പിച്ചു
ക്ഷേമ നിധി ബോർഡ് /സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -മസ്റ്ററിംഗ് സമയം 22.7.2020 വരെ ദീർഘിപ്പിച്ചു
‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.
നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽ നിന്നും ആർക്കും രോഗം പകരാനിടയുണ്ട്. അതുകൊണ്ട് ഒരാളിൽ നിന്നും മിനിമം രണ്ടു മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിത വലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പുവരുത്തണം. ഈ സുരക്ഷിത വലയത്തിനുള്ളിൽ നിന്നു കൊണ്ട് മാസ്‌ക് ധരിച്ചും സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കിയും വൈറസ് വ്യാപനത്തിൻറെ കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾകൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്.
രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ലോകത്തിലെ പ്രധാന രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വലിയ തോതിൽ മരണങ്ങൾ ഉണ്ടാവുകയാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് വളരെ കുറച്ചു നിർത്താൻ കഴിയുന്നത് നമ്മൾ പുലർത്തുന്ന ജാഗ്രത കൊണ്ടാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്റെ വിലയുണ്ട്. അതുകൊണ്ട് ഈ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തു കൊണ്ട് നമുക്ക് കോവിഡ് 19ന് എതിരായ പ്രതിരോധം ശക്തമായി തുടരാമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ ഇളവിനുശേഷം കേരളത്തിലെത്തിയത് 5,81,488 പേരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 3,63,731 ഉം വിദേശത്തു നിന്നു വന്നവർ 2,17,757ഉം ആണ്. വന്നവരിൽ 62.55 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. അവരിൽ 64.64 ശതമാനം ആളുകളും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ നിന്നും ആണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകളും എത്തിയത് റോഡ് മാർഗം ആണ്. 65.43 ശതമാനം പേരാണ് റോഡ് വഴി കേരളത്തിൽ എത്തിയത്. 19.64 ശതമാനം പേർ വിമാനമാർഗവും 14.18 ശതമാനം പേർ റെയിൽവേ വഴിയും കേരളത്തിലെത്തി.
ഹ്രസ്വകാല സന്ദർശനത്തിനായി രജിസ്റ്റർ ചെയ്തത് 58,169 ആളുകളാണ്. അവരിൽ 27,611 പേർക്ക് പാസ് ഇതിനകം അനുവദിച്ചു. പതിവു സന്ദർശനത്തിനായി അപേക്ഷിച്ചത് 19,206 ആളുകളാണ്. അവരിൽ 8299 പേർക്ക് ഇതിനകം പാസ് അനുവദിച്ചിട്ടുണ്ട്. രണ്ടു തരം സന്ദർശകർക്കിടയിലും ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിട്ടുള്ളത് തമിഴ്‌നാട്ടിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ഡിജിറ്റൽ മീറ്റിംഗ് ഹാൾ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ മൂന്ന് പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. കൊവിഡ് സാഹചര്യത്തില്‍ പദ്ധതി ആസൂത്രണത്തില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ് ശ്രീ.കെ.വി.സുമേഷ് സ്വാഗതവും ജില്ലാ പഞ്ചയത്ത് സെക്രട്ടറി ശ്രീ.വി.ചന്ദ്രൻ റിപ്പോർട്ട് അവതരണവും ജില്ലാ പഞ്ചയത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.പി.പി.ദിവ്യ നന്ദിയും അറിയിച്ചു .
സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്ന ഈകാലത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനിക വൽക്കരണത്തിൽ ഒരു ചുവട് കൂടി മുന്നോട്ട് കടന്നിരിക്കുകയാണ്. ആലോചനകൾക്കും ആസൂത്രണത്തിനും മികച്ച സാങ്കേതിക വിദ്യ അനിവാര്യമായി തീർന്നിരിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞാണ് ജില്ലാ പഞ്ചായത്ത് ഡിജിറ്റൽ മീറ്റിങ്ങ് ഹാൾ തയ്യാറാക്കിയത്. സാങ്കേതിക വിദ്യയുടെ ഈ ഉപയോഗം ബഹുമാന്യരായ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അസുത്രണ മികവ് ഉയർത്താൻ ഉപകരിക്കും.
ഇതിനോടൊപ്പം 500 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും റെസിഡൻഷ്യൽ ബ്ലോക്കും റെക്കോർഡ് റൂമും മികച്ച സൗകര്യങ്ങളോട് കൂടെ ഈ ഭരണ സമിതി ഒരുക്കിയിരിക്കുകയാണ്
വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് അഥവാ ഇംഹാന്‍സുമായി സഹകരിച്ച് പരിശോധനയും ചികിത്സയും ആരംഭിച്ചിട്ടുണ്ട്. ഇംഹാന്‍സ് ഇ-സഞ്ജീവനിയുമായി ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ഒപി സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രണ്ട് ഒപികളാണ് ഇ- സഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഇംഹാന്‍സ് റെഗുലര്‍, സൈക്യാട്രി ഒപി സേവനങ്ങള്‍ക്ക് പുറമേ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കുകളും ഉണ്ടായിരിക്കുന്നതാണ്. കോവിഡ് കാലത്ത് തുടര്‍ ചികിത്സക്കായി ഇംഹാന്‍സ് ഒപിയിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. പുതുതായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ക്കായി ആശ്രയിക്കാവുന്ന മികച്ചൊരു ഓണ്‍ലൈന്‍ ഒപി പ്ലാറ്റ്‌ഫോമാണിത്. ആയതിനാല്‍ ഈ സേവനങ്ങള്‍ ഏവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ കുട്ടികള്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും ബുധനാഴ്ച മുതിര്‍ന്നവര്‍ക്കുള്ള മാനസികാരോഗ്യ ക്ലിനിക്കും പ്രവര്‍ത്തിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും ഇംഹാന്‍സില്‍ ചികിത്സയിലുള്ളവര്‍ക്ക് തുടര്‍ ചികിത്സയ്ക്കും ഉപയോഗിക്കാന്‍ സാധിക്കും. തികച്ചും സര്‍ക്കാര്‍ സംരഭമായ ഇ-സഞ്ജീവനിയില്‍ നല്‍കുന്ന ഓരോ വിവരങ്ങളും സുരക്ഷിതമായിരിക്കും. മഹാമാരി കാലത്തെ പതിവ് ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ആര്‍സിസി, എംസിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഇ-സഞ്ജീവനിയുമായി കൈകോര്‍ത്ത് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശത അനുഭവിക്കുന്ന വ്യക്തികള്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ പതിവ് ചികിത്സകള്‍ക്കായി ആശ്രയിക്കേണ്ടതാണ്.
വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക് മസ്റ്ററിംഗിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ കാലയളവില്‍ മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത, പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് 2020 ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍കുന്നു. അക്ഷയകേന്ദ്രങ്ങള്‍ മുഖേനയുള്ള ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍/ ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ജൂലൈ 16 മുതലല്‍ 22 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാവുന്നതാണ്. ഹോട്ട് സ്പോട്ടുകളിലും കണ്ടെയിന്‍മെന്റ് സോണുകളിലും ഉള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ അയവ് ലഭിക്കുന്ന തീയതി മുതല്‍ ഒരാഴ്ച കാലയളവില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്.
കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തുന്ന പൊതു ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍