Green Award for Padiyoor Grama Panchayat, Pazhayannur Block Panchayat, Ponnani Municipality and Thiruvananthapuram Corporation

Posted on Saturday, December 7, 2019

മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു:പടിയൂര്‍ ഗ്രാമപഞ്ചായത്തിനും പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനും പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം.

ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിക്കും തിരുവനന്തപുരം കോര്‍പ്പറേഷനും ഒന്നാം സ്ഥാനം നേടി. 
    കൊല്ലം ജില്ലയിലെ പെരിനാട്, എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം സംസ്ഥാന തലത്തില്‍   ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനം കരസ്ഥമാക്കി. ബ്ലോക്കു പഞ്ചായത്തുകളില്‍  കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുനിസിപ്പാലിറ്റികളില്‍  കോഴിക്കോട് ജില്ലയിലെ വടകരയാണ് രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, തൃശൂര്‍ ജില്ലയിലെ കുന്ദംകുളം എന്നിവര്‍ പങ്കിട്ടു. 
    ജില്ലാതലത്തില്‍  ഹരിത അവാര്‍ഡുകള്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍ ഇനി പറയുന്നു. തിരുവനന്തപുരം - ചെങ്കല്‍ , കൊല്ലം - കുലശേഖരപുരം, പത്തനംതിട്ട - ഇരവിപേരൂര്‍, ആലപ്പുഴ - ആര്യാട്, കോട്ടയം - കൂരോപ്പട, ഇടുക്കി - കുമളി, എറണാകുളം - രായമംഗലം, തൃശൂര്‍ - പഴയന്നൂര്‍, പാലക്കാട് - അകത്തേത്തറ, മലപ്പുറം - മാറഞ്ചേരി, കോഴിക്കോട് - ചേമഞ്ചേരി, വയനാട് - മീനങ്ങാടി, കണ്ണൂര്‍ - ചെറുതാഴം, കാസര്‍ഗോഡ് - ബേഡഡുക്ക.
    പ്രാഥമിക റൗണ്ടിനുശേഷം 69 ഗ്രാമപഞ്ചായത്തുകളും 17 ബ്ലോക്ക് പഞ്ചായത്തുകളും 23 മുനിസിപ്പാലിറ്റികളും 3 കോര്‍പ്പറേഷനുകളുമാണ് അവസാന റൗണ്ടില്‍  മികവ് തെളിയിക്കാന്‍ എത്തിയത്. സ്വന്തം പ്രദേശത്തെ മാലിന്യമുക്തമാക്കുന്നതിലും ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിലും കാര്‍ഷികമേഖല സമ്പുഷ്ടമാക്കുന്നതിലും മികച്ച പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ കാഴ്ചവച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സംസ്ഥാനതലത്തില്‍  ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും പത്തുലക്ഷം രൂപയും നല്‍ കും. രണ്ടാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും ഏഴുലക്ഷം രൂപയും നല്‍കും. മൂന്നാം സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും അഞ്ചുലക്ഷം രൂപയും നല്‍ കും. ജില്ലാ തലത്തില്‍  സ്ഥാനം നേടിയവര്‍ക്ക് ഫലകവും സാക്ഷ്യപത്രവും മൂന്നുലക്ഷം രൂപയും നല്‍ കും. ഹരിതകേരളം മിഷന്‍ അടുത്ത മാസം സംഘടിപ്പിക്കുന്ന ശുചിത്വമികവ് സംഗമത്തില്‍  അവാര്‍ഡ് വിതരണം ചെയ്യും.