Thiruvananthapuram: The Municipal Corporation's 'Hey Auto' rating plan is coming up

Posted on Saturday, February 15, 2020

ഓട്ടോ സൗഹൃദ നഗരമാവാന്‍ തിരുവനന്തപുരം:വരുന്നു നഗരസഭയുടെ “ഹേയ് ഓട്ടോ” റേറ്റിംഗ് പദ്ധതി തിരുവനന്തപുരം നഗരത്തില്‍ ഇനി ഓട്ടോക്കാരും യാത്രക്കാരും തമ്മില്‍ തര്‍ക്കിക്കേണ്ടി വരില്ല. യാത്രയ്ക്കു ശേഷം അഭിപ്രായം രേഖപ്പെടുത്തി ഇരു കൂട്ടര്‍ക്കും ഹാപ്പിയായി പിരിയാം. അതിനവസരം ഒരുക്കുകയാണ്. നഗരത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതോടൊപ്പം തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ക്ഷേമം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കുന്ന സേവനം വിലയിരുത്തി പോയിന്‍റ് അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യാവുന്ന വിധത്തിലാണ് പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. ഇതിനായി ഓപ്പണ്‍ സോഴ്സ് പ്ളാറ്റ്ഫോമില്‍ ഇന്‍ററാക്ടീവ് വെബ് പേജും, ഗൂഗിള്‍ പ്ലേ സ്റ്റോറുവഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഹേയ് ഓട്ടോ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവര്‍മാര്‍ക്കും നല്‍കുന്ന യൂണിക് ഐ ഡി കാര്‍ഡില്‍ നിന്നും ബാര്‍ക്കോഡ്, ക്യൂ ആര്‍ കോഡ് എന്നിവ റീഡ് ചെയ്ത് റേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഐ ഡി കാര്‍ഡ് ലഭ്യമാകുന്നതിനായി നഗരത്തിലോടുന്ന പെര്‍മിറ്റുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഡ്രൈവിംങ് ലൈസന്‍സ്, ലൈസന്‍സിന്‍റെ കോപ്പി, ഓട്ടോറിക്ഷാ പെര്‍മിറ്റ് കാര്‍ഡിന്‍റെ കോപ്പി എന്നിവയുമായി 19.02.2020 ന് 12 മണി മുതല്‍ നഗരസഭയില്‍ ഹാജരാകേണ്ടതാണ്. ലഭ്യമാകുന്ന ഐ ഡി കാര്‍ഡ് യാത്രക്കാര്‍ കാണുന്ന വിധത്തില്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. യാത്രക്കാര്‍ക്ക് പരാതി രേഖപ്പെടുത്താനുള്ള സൗകര്യവും ഇതുവഴി സജ്ജമാക്കിയിട്ടുണ്ട്. സിറ്റി ട്രാഫിക് പോലീസുമായി ചേര്‍ന്ന് ഇവ പരിഹരിക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കും. നഗരത്തിലെ ഓട്ടോറിക്ഷാ യാത്രക്കാര്‍ക്ക് സുഖയാത്ര ഒരുക്കുന്നതോടൊപ്പം ഓട്ടോ ഡ്രൈവര്‍മാരുടെ സേവനത്തെക്കുറിച്ച് നഗരസഭയെ അറിയിക്കുവാനുള്ള അവസരം കൂടിയാണ് ഈ പദ്ധതി. മികച്ച സേവനം നല്‍കുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് നഗരസഭ അവാര്‍ഡ് നല്‍കുമെന്നും മേയര്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ പൂര്‍ണ്ണമായും ഓട്ടോ സൗഹൃദ നഗരമായി തിരുവനന്തപുരത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് നഗരസഭ ഭരണസമിതി പ്രതീക്ഷിക്കുന്നതെന്നും മേയര്‍ അറിയിച്ചു