Nominations invited for Chief Minister's Haritha Award 2019

Posted on Thursday, March 7, 2019

ശുചിത്വ-മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹരിതകേരളം മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് - 2019 ന് അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അവാര്‍ഡുകള്‍ നല്‍കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സംസ്ഥാനതലത്തിലുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിക്കുക. ഓരോ തദ്ദേശസ്ഥാപനവും മൂന്ന് സെറ്റ് അപേക്ഷകള്‍ വീതം ആവശ്യമായ അനുബന്ധ രേഖകളും വിവരങ്ങളും ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍റെ അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2019 മാര്‍ച്ച് 30 നാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. ഹരിതകേരളം മിഷന്‍ രൂപീകരിച്ചതിനു ശേഷം തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളാണ് അപേക്ഷയില്‍ വ്യക്തമാക്കേണ്ടത്. ഹരിതകേരളം മിഷന്‍റെ ഉപമിഷനുകളായ ശുചിത്വ-മാലിന്യ സംസ്കരണം, ജലസംരക്ഷണം-ജലസമൃദ്ധി, കൃഷി വികസനം-സുജലം സുഫലം എന്നിവയിലൂടെ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഹരിതകേരളം മിഷന്‍റെ www.haritham.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.